പ്രളയാനന്തര പുനര്‍നിര്‍മിതിയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസം. 14,15,16 തിയതികളില്‍ അരങ്ങേറുന്ന വീണ്ടെടുപ്പ് കലാസാംസ്കാരിക സംഗമത്തിന് തീം സോങ്ങായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള ആഹ്വാനത്തോടെയുള്ള ആമുഖ സംഭാഷണത്തോടെ ആരംഭിക്കുന്ന തീം സോങ്ങില്‍ പ്രളയത്തിന്‍റെ വിവിധ ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തന രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. കലാകാര സംഗമത്തിന്‍റെ ഭാഗമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ നല്‍കുന്ന സന്ദേശവും തീം സോങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീം സോങ്ങ് സംഗീത നാടക അക്കാദമി ഭരത് മുരളി തുറസ്സരങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, മധു എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ് രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്.