ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്‌ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നൽകി ഈടാക്കാൻ ധാരണയായി.  ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക് പരിവർത്തനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സംബന്ധിച്ച് ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ ബി.എസ്. അജിത് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ലൈസൻസികളുടെയും ഓട്ടോറിക്ഷാ രംഗത്തെ അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കളുടെയും ചർച്ചയിലാണ് തീരുമാനം.  മീറ്ററിൽ നിരക്ക് പുനഃക്രമീകരിക്കുന്ന ജോലി (സ്‌പെയർപാർട്ട്‌സ് സഹിതം) ചെയ്യാൻ ലൈസൻസികൾക്ക് മാത്രമാണ് അനുമതി. ലൈസൻസികളുടെ വർക്ക്‌ഷോപ്പിൽ പുതുക്കിയ റിപ്പയറിംഗ് ചാർജ് എഴുതിപ്രദർശിപ്പിക്കാനും നിർദേശിച്ചു. തിരുവനന്തപുരം കൈമനം ക്യാമ്പിൽ ഓട്ടോ ഫെയർ മീറ്റർ പുനഃപരിശോധന നടത്തുമ്പോൾ റോഡ് ടെസ്റ്റിനു ശേഷം ഈയം ഉരുക്കിയൊഴിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ ത്രെഡഡ് വയറും സ്‌ക്വയർ ലെഡും ഉപയോഗിച്ച് സീൽ ചെയ്യുന്നതിന് 80 രൂപ മാത്രമാണ് ലൈസൻസികൾ ഈടാക്കേണ്ടത്. കമ്പിയും ലെഡും അടക്കമുള്ള തുകയാണിത്.
ലൈസൻസില്ലാത്തവർ മീറ്ററുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ വകുപ്പുതലത്തിൽ കർശനനടപടി സ്വീകരിക്കുമെന്നും അസി. കൺട്രോളർ അറിയിച്ചു. ഓട്ടോ ഡ്രൈവർമാർ മീറ്റർ പ്രവർത്തിപ്പിച്ചു നിയമാനുസൃതമുള്ള കൂലി മാത്രമേ ഈടാക്കാവൂവെന്നും നിർദേശിച്ചു.  അസി. കൺട്രോളർക്ക് പുറമേ, സീനിയർ ഇൻസ്‌പെക്ടർ (ഓട്ടോറിക്ഷാ) എം. അബ്ദുൽ ഹഫീസ്, വിവിധ യൂണിയനുകളുടെയും ലൈസൻസികളുടേയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.