കോഴിക്കോട് ജില്ലയില്‍ രണ്ടര വര്‍ഷം കൊണ്ട് 7511 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിന് പിണറായി സര്‍ക്കാര്‍ വന്നശേഷം സമര്‍പ്പിക്കുന്ന മൂന്നാമത്തെ മേല്‍പ്പാലമാണ് തൊണ്ടയാട് മേല്‍പ്പാലം. 59 കോടി മുടക്കിയാണ് മേല്‍പ്പാല നിര്‍മ്മാണം തുടങ്ങിയതെങ്കിലും അഞ്ച് കോടി രൂപ തിരികെ നല്‍കിയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാമനാട്ടുകര മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തിയില്‍ ഒന്‍പത് കോടി രൂപയാണ് തിരികെ നല്‍കിയത്. ഏതാണ്ട് 129 കോടി രൂപയിലാണ് രണ്ട് മേല്‍പ്പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.14 കോടി രൂപ ഖജനാവിലേക്ക് തിരികെ നല്‍കുകയും ചെയ്തു.

കോഴിക്കോട് വികസനം രണ്ടാംഘട്ടം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 355 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. റോഡ്-നഗര വികസനത്തിന്റെ ഭാഗമായുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. കോഴിക്കോട് നഗരത്തില്‍ തന്നെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അതിനായി കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന 13 അസംബ്ലി മണ്ഡലങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ട്. മൂന്ന് മേല്‍പ്പാലങ്ങള്‍ക്കും 160 കോടി 37 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കേണ്ട തുക മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. മേല്‍പ്പാല നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യുന്നതും പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതും പൊതുമരാമത്ത് വകുപ്പാണ്.

കോഴിക്കോട് ജില്ലയില്‍ മാത്രമല്ല എറണാകുളം വൈറ്റില ജംഗ്ഷനില്‍ 13 കോടി രൂപയില്‍ മേല്‍പ്പാലം നിര്‍മ്മിച്ചു വരികയാണ്. ആലപ്പുഴയില്‍ മേല്‍പ്പാലം, കൊല്ലം ബൈപ്പാസ്, പള്ളിപ്പുറം മുതല്‍ കഴക്കൂട്ടം വരെ ഏറ്റവും ദൈര്‍ഘ്യമേറിയ മേല്‍പ്പാലം തുടങ്ങിയവയുടെ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. 1200 കോടി രൂപ ചെലവില്‍ തലശേരി- മാഹി ബൈപ്പാസ് നിര്‍മ്മിക്കുന്നുണ്ട്. കോഴിക്കോട് ബൈപ്പാസ് ടെന്‍ണ്ടര്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയില്‍ അഞ്ച് പദ്ധതികളാണ് പൂര്‍ത്തിയാക്കിരിക്കുന്നത്. 2278 കോടി രൂപയുടെ കെ.എസ്.ടി.പി പദ്ധതികളാണ് പൂര്‍ത്തിയാക്കാന്‍ പോവുന്നത്. ഇതെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ചെയ്യാത്തതും ചെയ്യാന്‍ ശ്രമിച്ചിട്ടും മുടങ്ങി പോയവയുമായ പദ്ധതികളാണ്. 8311 കോടി രൂപയുടെ പദ്ധതികള്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കുകയും അല്ലെങ്കില്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്. മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും തൊണ്ടയാട് മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതാണെങ്കിലും പണം നീക്കിവെച്ചിരുന്നില്ല. പിണറായി സര്‍ക്കാര്‍ പണം നീക്കിവെക്കാതെയും സ്ഥലമേറ്റെടുക്കാതെയും ഒരു പദ്ധതിയും തുടങ്ങില്ല. അതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. പദ്ധതി നടത്തിപ്പില്‍ മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഉദ്ഘാടനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നുള്ളുവെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.