ഇന്ത്യയിലാദ്യമായി ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ആവാസ് എന്ന് ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജ്. അതിഥി(ഇതരസംസ്ഥാന) തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ആവാസ് പദ്ധതി ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന നൂതന പദ്ധതിയാണ് ഇതെന്നും, മെഡിക്കല്‍ സംബന്ധമായ എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന ആദ്യ കൗണ്ടറാണ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ ജോലി ചെയുന്ന ഭൂരിഭാഗം ആളുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നിര്‍മാണ മേഖലയിലടക്കം ജോലി ചെയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ആണ് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും വിവരശേഖരണവും ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം തൊഴിലുമായി ബന്ധപ്പെട്ട അപകട മരണങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അതിഥി തൊഴിലാളികള്‍ക്ക് ലഭ്യമാകും. ഒപ്പം പതിനയ്യായിരം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ആവാസ് കാര്‍ഡ് മുഖേന ആര്‍.എസ്.ബി.വൈ മാതൃകയിലുള്ള പണരഹിത ചികിത്സയ്ക്ക് ലഭ്യമാകും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി ആയ ചിയാക് മുഖേനെയാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ ടി.എ അഖില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി.സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. എബി സുഷന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍, ജില്ലാ ലേബര്‍ ഓഫീസ് ജൂണിയര്‍ സൂപ്രണ്ട് ടി.ആര്‍ ബിജുരാജ്, തുടങ്ങിവര്‍ പങ്കെടുത്തു.