1,05,566 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പൊതുമരാമത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.കോരപ്പുഴ പാലം പുനര്‍നിര്‍മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള കണക്കെടുത്താല്‍ പോലും ഈ തുകയുടെ പകുതിയേ വരൂ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാന വികസന രംഗത്ത് നടക്കുന്നത്. 2020 മാര്‍ച്ചിന് മുമ്പ് കോരപ്പുഴ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സഹായങ്ങളാണ് വേണ്ടത്. പാലങ്ങളുടെയും മറ്റും നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടെങ്കിലും ദേശീയപാതയില്‍ റോഡ് നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല. നീലേശ്വരം മേല്‍പ്പാലം, ആലപ്പുഴ, ചാക്ക-കന്യാകുമാരി ബൈപ്പാസുകള്‍, കൊച്ചിയിലെയും വൈറ്റിലയിലെയും ഫ്‌ളൈ ഓവര്‍ബ്രിഡ്ജുകള്‍, തലശേരി-മാഹി ബൈപ്പാസ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ബൈപ്പാസിന്റെ കരാര്‍ ഏറ്റെടുത്തവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാര്‍ ടെണ്ടറില്‍ രണ്ടാമതെത്തിയ ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.

റോഡ് നിര്‍മ്മാണ രംഗത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയില്‍ നിന്ന് നല്ല സമീപനമാണുണ്ടായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ 2050 കോടിയാണ് കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ സംസ്ഥാനത്തിന് അനുവദിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ദുര്‍വ്യയം ചെയ്യാന്‍ പാടില്ല. ഓരോ പണവും ചെലവഴിക്കുമ്പോള്‍ അതിന്റെ മൂല്യം സംസ്ഥാനത്ത് ഉദ്പ്പാദിപ്പിക്കപ്പെടണം. അത് ആസ്തിയായി കാണാന്‍ കഴിയണമെന്നും ജി സുധാകരന്‍ പറഞ്ഞു.1930-40 കാലഘട്ടത്തില്‍ നിര്‍മിച്ച പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.17 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മാണം. ദേശീയപാതയില്‍ കോരപ്പുഴ പാലത്തിന് സമാന്തരമായി നിലവിലുള്ള പാലത്തേക്കാള്‍ വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിയുന്നത്.

കോരപ്പുഴയില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ടി നാരായണി, വാര്‍ഡ് മെമ്പര്‍ പി ടി സോമന്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, കെ കെ മുഹമ്മദ്, ഇ കെ അജിത്, വി കെ സി ജയപ്രകാശ്, മോഹനന്‍ വീര്‍വീട്ടില്‍, ടി പി വിജയന്‍, സി സത്യന്‍, എന്നിവര്‍ പങ്കെടുത്തു. കെ ദാസന്‍ എംഎല്‍എ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സി ദിവാകരന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം പൊളിച്ചുമാറ്റുന്ന പഴയപാലം മന്ത്രിമാരായ ജി സുധാകരനും എ കെ ശശീന്ദ്രനും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സന്ദര്‍ശിച്ചു.