* പുഷ്പപോൽസവവും പ്രദർശന വിൽപന സ്റ്റാളുകളുമായി മേള കനകക്കുന്നിലും സൂര്യകാന്തിയിലും
തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുൻവശം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ ജനുവരിയിൽ ലോക കേരള സഭയോടനുബന്ധിച്ച് നടന്ന വസന്തോത്സവം ജനശ്രദ്ധ ആകർഷിച്ച മേളയായിരുന്നതിനാൽ തുടർന്നുള്ള വർഷങ്ങളിലും വസന്തോത്സവം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.  പൂർണ്ണമായും സ്‌പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വർഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പ് പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചായിരിക്കും.  ടിക്കറ്റ് വിൽപനയിലൂടെ ലഭിയ്ക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെക്രട്ടേറിയറ്റ്, മ്യൂസിയം-മൃഗശാല, കാർഷിക കോളേജ്, ജവഹർലാൽ നെഹ്‌റു ബോട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായി സ്‌പേ്‌സ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വനഗവേഷണ കേന്ദ്രം, കിർത്താഡ്‌സ്, നിയമസഭാമന്ദിരം,  കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം, പൂജപ്പുര ആയുർവേദ ഗവേഷണ കേന്ദം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും നിരവധി വ്യക്തികളും പങ്കെടുക്കും.  കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സിംപീഡിയം ചെടികളുടെ പ്രദർശനം, പൂനയിൽ നിന്നുള്ള കാർണേഷൻ ചെടികൾ, അഡീനിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ്വകാഴ്ചകൾ, കിർത്താഡ്‌സ് ഒരുക്കുന്ന വംശീയ പാരമ്പര്യ വൈദ്യ സ്റ്റാളുകൾ, ഗോത്രവർഗ്ഗക്കാരുടെ തനത് ഭക്ഷ്യ വിഭവങ്ങൾ, ഔഷധസസ്യ ശേഖരം, ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വനം വകുപ്പിന്റെ ‘കാടിന്റെ പുനസൃഷ്ടി’, വന ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന ‘വനശ്രീ’ സ്റ്റാൾ, ‘തേൻകൂടു’ മായി ഹോർട്ടികോർപ്പ്,  കാർഷികോത്പന്നങ്ങളുടേയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശനം ഒരുക്കുന്ന സംസ്ഥാന കൃഷി വകുപ്പ് സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ സവിശേഷതകളാണ്.
മത്സരവിഭാഗത്തിൽ വരുന്ന ചെടികൾക്ക് പുറമെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോത്സവത്തിന് മാറ്റ് കൂട്ടുന്നു.  വിവിധ പുഷ്പാലങ്കാരമത്സരങ്ങളും സംഘടിപ്പിക്കും.
എല്ലാവരും ഇഷ്ടപ്പെടുന്ന വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, സൗത്ത് ഇൻഡ്യൻ വിഭവങ്ങൾ, മലബാർ, കുട്ടനാടൻ വിഭവങ്ങൾ, കെ.റ്റി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡ്ഡലി മേള എന്നിങ്ങനെ സൂര്യകാന്തിയിൽ ഭക്ഷ്യമേളയും കൂടാതെ വിവിധ നഴ്‌സറികളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. സർക്കാർ സ്റ്റാളുകൾക്ക് പുറമെ വ്യാപാര സംബന്ധമായ സ്റ്റാളുകളും സർഗ്ഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.
മേളയിലേയ്ക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ്സ് വരെ ഒരാൾക്ക് 20 രൂപയും,
12 വയസ്സിന് മുകളിലുള്ളവർക്ക് 50 രൂപയുമാണ് നിരക്ക്. പരമാവധി 50 പേർ അടങ്ങുന്ന സ്‌കൂൾ കുട്ടികളുടെ സംഘത്തിൻ 500 രൂപ നൽകിയാൽ മതി.
ടിക്കറ്റുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴി ജനുവരി ഒൻപതു മുതൽ ലഭിക്കും.  കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ജനുവരി 11 മതൽ 20 വരെ പ്രവർത്തിക്കും.രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് മേളയിലേയ്ക്കുള്ള പ്രവേശനം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സി.സി.റ്റി.വി ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കും.