തോട്ടം മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്ത് പകര്‍ന്ന്   ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം.മണി  നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ആഗോള വിദ്യാഭ്യാസ നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസത്തെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ   മൂന്നാമത്തെ സര്‍ക്കാര്‍ കോളേജാണ് ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്.
  ആഗോള തലത്തില്‍ തൊഴില്‍ നേടാനുതകുന്നതാവണം നമ്മുടെ വിദ്യാഭ്യാസ നിലവാരം.  അതിനുള്ള ശ്രമങ്ങളാണ് പ്രൈമറി തലം മുതല്‍ ആരംഭിച്ചിട്ടുള്ളത്. ഉള്ളടക്കത്തിലടക്കം വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തി വരുന്നത്.  ജനപ്രതിനിധികളടക്കം നിരവധി പേരുടെ നിരന്തര പരിശ്രമമായിട്ടാണ് പിന്നോക്ക മേഖലയില്‍  കോളെജ് അനുവദിച്ചു കിട്ടിയത്.  നിലവില്‍ ബി.കോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ്, ബിഎസ് സി മാത്തമാറ്റിക്‌സ് എന്നി കോഴ്‌സുകളാണ് കോളേജിന് അനുവദിച്ചിരിക്കുന്നത.് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പിന്നാക്ക ജില്ലയായ ഇടുക്കിയില്‍  ആയൂര്‍വേദ മെഡിക്കല്‍ കോളേജിനും സ്ഥലം കണ്ടെത്തി സംസ്ഥാനത്തെ നാലമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജാണ് ഉടുമ്പന്‍ചോലയില്‍ ആരംഭിക്കുന്നത്.  ജില്ലയില്‍ ലോ കേളേജ് ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായും മന്ത്രി അറിയിച്ചു. ശാന്തന്‍പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി മുരുകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി എംഎം മണി, മുന്‍ എംഎല്‍എ കെകെ ജയചന്ദ്രന്‍,  സ്‌പോണ്‍സറിംഗ് കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സേനാപതി ശശി, മുരിക്കും തൊട്ടി  മോണ്‍ട് ഫോര്‍ട് വാലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയ് തെക്കനാത്ത്,  വി.എന്‍ മോഹനനന്‍, സാബു കക്കുഴി, എംഎന്‍  ഹരിക്കുട്ടന്‍,  സുനില്‍ കുമാര്‍, ആലീസ്, വനരാജ് തുടങ്ങി നിരവധി ജനപ്രതിനിധികളും നാട്ടുകാരും ശാന്തന്‍പാറ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികളും മുരുക്കുംതൊട്ടി ഫോര്‍ട്ട്‌വാലി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എന്‍സിസി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ നീതു എലിസബത്തിനെ ചടങ്ങില്‍ ആദരിച്ചു.