ജില്ലയിൽ വെബ് വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം

ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ജനുവരി 31നകം ഐഎസ്ഒ നിലവാരം കരസ്ഥമാക്കും. ഇത് സംബന്ധിച്ച നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് വെബ് വീഡിയോ കോൺഫറൻസിങ്ങ് സംവിധാനത്തിലൂടെ ജില്ലാ കളക്ടർ പി. കെ സൂധീർ ബാബു ബിഡിഒമാർക്ക് നിർദ്ദേശം നൽകി. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച വെബ് വീഡിയോ കോൺഫറൻസിംങ്ങ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ബിഡിഒമാരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ഐഎസ്ഒ സർട്ടിഫിക്കേഷൻ നടപടികളുടെ പുരോഗതി പുതിയ സംവിധാനത്തിലൂടെ അദ്ദേഹം വിലയിരുത്തി. നേരിട്ട് ആശയവിനിമയം നടത്തുന്നതിനുളള സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഇൻഫർമാറ്റിക് ഓഫീസർ ടി.ഡി. മോഹൻ ദാസുമായും അദ്ദേഹം വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ചു. എഡിസി (ജനറൽ) പി.എസ് ഷിനോ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൾ പൊടിപ്പാറ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.