പമ്പ ഹില്‍സ് ടോപ്പില്‍ മണ്ണിടിച്ചിലിന് സാധ്യത
ശബരിമല മകരവിളക്കിനോടും തിരുവാഭരണ ഘോഷയാത്രയോടും അനുബന്ധിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗങ്ങള്‍ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്കിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ദുരന്തനിവാരണ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം രൂപം നല്‍കി. ഇതിനു പുറമേ, തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം നിശ്ചയിച്ചു. പമ്പ ഹില്‍സ് ടോപ്പില്‍ മണ്ണിടിച്ചില്‍ മൂലം അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ വിവിധ വകുപ്പുകള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം സംയുക്ത പരിശോധന നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക ടീമിനെ ജില്ലാ കളക്ടര്‍ നിയോഗിച്ചു. മകരവിളക്ക് ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഹില്‍ടോപ്പ്.
മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ തടിച്ചു കൂടുന്ന എല്ലാ സ്ഥലങ്ങളിലും, മകരവിളക്ക് വ്യു പോയിന്റുകളായ അയ്യന്‍മല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട് കോളനി, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കല്‍ എന്നിവിടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ സുരക്ഷയൊരുക്കുകയും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മകരവിളക്ക് വ്യൂ പോയിന്റുകളിലെ സുരക്ഷാസ്ഥിതി ജില്ലാ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതു കണക്കിലെടുത്താണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം മകരവിളക്ക് വ്യൂ പോയിന്റുകളായ സ്ഥലങ്ങളില്‍ വെളിച്ചം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ആസ്‌കാ ലൈറ്റ്, വൈദ്യുത വിളക്കുകള്‍ എന്നിവ ഇവിടെ ക്രമീകരിക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും സംവിധാനം ഏര്‍പ്പെടുത്തി. സ്‌ട്രെച്ചര്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പസേവാ സംഘം, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ പരിശീലനം നല്‍കി വ്യുപോയിന്റുകളില്‍ നിയോഗിക്കും. ഇതാദ്യമായാണ് വ്യു പോയിന്റുകളില്‍ സ്‌ട്രെച്ചര്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നത്. പ്രഥമ ശുശ്രൂഷ, ആംബുലന്‍സ് സേവനങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. എല്ലാ മകരവിളക്ക് വ്യു പോയിന്റുകളിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉച്ചഭാഷിണികള്‍ ഏര്‍പ്പെടുത്തും. എല്ലാ വ്യുപോയിന്റുകളിലും ഡെപ്യുട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യം, ഫയര്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കും.
വലിയ തിരക്ക് അനുഭവപ്പെടുന്നതു കണക്കിലെടുത്ത് അപകടമുണ്ടാകാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മകരവിളക്കിനോട് അനുബന്ധിച്ച് വ്യൂ പോയിന്റുകളില്‍ ഉള്‍പ്പെടെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പ്രൊഫഷണലായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ അടിയന്തര സഹായ കേന്ദ്രങ്ങളുമായി യോജിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കയത്ത് റോഡ് സൈഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മകരവിളക്ക് ഉത്സവവുമായും തിരുവാഭരണ ഘോഷയാത്രയുമായും ബന്ധപ്പെട്ട് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മകരവിളക്ക് തീര്‍ഥാടന കാലത്തെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കുന്നതിന് ജില്ലാ കളക്ടറുടെ ചുമതലയിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരുടെ സേവനം ജനുവരി 22 വരെ ഏര്‍പ്പെടുത്തും. മകരവിളക്കുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ 800 ചെറു വാഹനങ്ങള്‍ക്കു കൂടി പുതുതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മകരവിളക്ക് ദര്‍ശനത്തിനായി തീര്‍ഥാടകര്‍ മരങ്ങളില്‍ കയറി അപകടം സംഭവിക്കാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കും. അതേപോലെ മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്നവര്‍ ബസുകളുടെ മുകളില്‍ കയറി യാത്ര ചെയ്യുന്നത് അപകടത്തിന് ഇടവരുത്തുമെന്നതിനാല്‍ ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തും. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കു സമീപം ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചു പാചകം ചെയ്യുന്നത് അപകടത്തിനിട വരുത്തുമെന്നതിനാല്‍ നിരീക്ഷണം ശക്തമാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യും.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതു ഒഴിവാക്കുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീം എല്ലാ ദിവസവും പരിശോധന നടത്തുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മകരവിളക്ക് വ്യൂപോയിന്റുകളില്‍ ഉള്‍പ്പെടെ വാര്‍ത്താവിനിമയ സംവിധാനം ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി വിവര വിനിമയം ശക്തമാക്കും.
മകരവിളക്കുമായി ബന്ധപ്പെട്ട് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. അയ്യപ്പന്മാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളുടേയും, കോളജുകളുടേയും പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ അധികമായി ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും ഇവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി യുടെ ബസില്‍ യാത്ര തുടരുവാനുള്ള സൗകര്യവും ഒരുക്കും. നിലയ്ക്കല്‍ എത്തുന്ന വാഹനങ്ങള്‍ക്ക് അനുസരിച്ച് എരുമേലിയിലും പത്തനംതിട്ടയിലും വാഹനനിയന്ത്രണം ഏര്‍പ്പെടുത്തും. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്ന് ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. മകരവിളക്ക് തീര്‍ഥാടന കാലത്ത് സാധാരണയുള്ള ഫീല്‍ഡ് ഓഫീസര്‍മാരെ കൂടാതെ മുതിര്‍ന്ന ഓഫീസര്‍മാരെ എല്ലാ വകുപ്പുകളും സേവനത്തിനായി നിയോഗിക്കും. ഇവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടത്തി പുതുതായി ഏര്‍പ്പെടുത്തേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കും. കൂടുതല്‍ ഉപകരണങ്ങള്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ എത്തിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പന്തളത്ത് നിന്ന് ആരംഭിക്കുന്ന തിരുവാഭരണഘോഷയാത്രയ്ക്ക് ശക്തമായ സുരക്ഷയൊരുക്കും.  തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്ന പഞ്ചായത്തുകളിലെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. വനം വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. തിരുവാഭരണ ഘോഷയാത്രയെ പോലീസ്, ഫയര്‍, റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീം അനുഗമിക്കും. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ ആവശ്യമായ വെളിച്ചം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചു.
ശബരിമല എ.ഡി.എം വി.ആര്‍. പ്രേംകുമാര്‍, തിരുവല്ല സബ്കളക്ടര്‍ വിനയ് ഗോയല്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, അടൂര്‍ ആര്‍.ഡി.ഒ എം.എ റഹീം, ഡി.എം.ഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.