തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തിരുവാഭരണ ഘോഷയാത്ര പന്തളം ശ്രീ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഈ മാസം 12ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് എംഎല്‍എ വിലയിരുത്തി.
പന്തളത്ത് ക്രമസമാധാന പാലനത്തിനായി കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ പോലീസ് സേനയെ ഇന്ന് മുതല്‍ വിന്യസിക്കും. കൂടാതെ തിരുവാഭരണ ഘോഷയാത്രയ്ക്ക് സംരക്ഷണമൊരുക്കുന്നതിനായി പോലീസ്, അഗ്‌നിശമന സേനാവിഭാഗം, മെഡിക്കല്‍, റവന്യൂ വിഭാഗം എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതായി അടൂര്‍ ആര്‍ഡിഒ എം.എ റഹീം അറിയിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
ഘോഷയാത്രയ്ക്ക് അകമ്പടി പോകുന്ന സംഘത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി ളാഹ, അയിരൂര്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക ടോയ്ലറ്റുകള്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പന്തളം തൂക്കുപാലത്തില്‍ ആളുകള്‍ കയറിനില്‍ക്കുന്നത് നിയന്ത്രിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പന്തളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയോഗിക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ സി.എസ് നന്ദിനി അറിയിച്ചു. തീര്‍ഥാടന പാതകളില്‍ ആവശ്യമായ വഴിവിളക്കുകള്‍ സജ്ജമായിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന പാതകളില്‍ കുടിവെള്ളം വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ലഭ്യമാക്കും. അഗ്‌നിശമനവിഭാഗം എല്ലാവിധ മുന്‍കരുതലുകളുമായി സജ്ജമാണ്. കൂടാതെ ഇവര്‍ പന്തളത്തും, അനുബന്ധ  പാതകളിലും പൊടി ശമിപ്പിക്കുന്നതിനായി വെള്ളം തളിക്കും. പ്രദേശത്ത് എക്സൈസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെ ക്രമീകരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിന് അടൂര്‍ അര്‍ഡിഒയെ എംഎല്‍എ ചുമതലപ്പെടുത്തി. പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ സതി,  കൗണ്‍സിലര്‍ കെ.വി പ്രഭ, നഗരസഭ സെക്രട്ടറി എസ്. സനില്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.എന്‍ നാരായണവര്‍മ്മ, സെക്രട്ടറി ശശികുമാരവര്‍മ്മ, വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പ്രഥ്വിപാല്‍, സെക്രട്ടറി ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.