ഹരിപ്പാട്:സംസ്ഥാനത്തെ എല്ലാ എം.എൽ.എ.മാരുടേയും വസതികളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെയും ഹോർട്ടി കൾച്ചർ മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസ് അങ്കണത്തിൽ നടത്തി. നവംബറിലാണ് രമേശ് ചെന്നിത്തലയുടെ വസതിയിൽ് ജൈവ കൃഷി ആരംഭിച്ചത്.
സ്വന്തം കൃഷി തോട്ടത്തിലെ വിളവെടുപ്പ് മഹോത്സവം പ്രതിപക്ഷ നേതാവ് തന്നെ ഉദ്ഘാടനം ചെയ്തു. വിളവെടുത്ത പച്ചക്കറികൾ കഴിക്കുകയും ചെയ്തു.ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം എന്നീ ആശയങ്ങൾ മുൻനിർത്തി എല്ലാവരും സ്വന്തം വീട്ടുവളപ്പിൽ ജൈവ പച്ചക്കറി കൃഷി ചെയ്യാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനിയുടെ സഹായത്തോടെ കൃഷിചെയ്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും കയറ്റി അയക്കുന്ന പച്ചക്കറിയുടെ വരവ് കുറയ്ക്കണെമെങ്കിൽ വീട്ടുവളപ്പിൽ കൃഷി ചെയ്യണം. . ക്യാമ്പ് ഓഫീസിലെ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കാൻ സഹായിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു. തക്കാളി, വഴുതന, വെണ്ട, ചീര, പടവലം, പയർ, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തത്. വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികൾ ഹരിപ്പാട് പ്രകൃതി ജൈവ കലവറ എക്കോ ഷോപ്പിനു കൈമാറി. ഹരിപ്പാട് നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം, ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എലിസബത്ത് ഡാനിയേൽ, കൃഷി ഓഫീസർ എം.രേഷ്മ, എന്നിവർ വിളവെടുപ്പ് മഹോത്സവത്തിൽ പങ്കെടുത്തു.