സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിന് ജനങ്ങൾ ഉത്സാഹിക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വികസന കാര്യത്തിൽ സർക്കാർ ആരോടും വേർതിരിവു കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ ആറാട്ടുകുഴി – അമ്പൂരി – നെയ്യാർഡാം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ഹൈവേ, മലയോര ഹൈവേ എന്നീ രണ്ടു ബ്രഹത് പദ്ധതികളിലായി 10,000 കോടി രൂപയുടെ റോഡ് വികസനമാണു സംസ്ഥാനത്തു നടക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനു പുറമേയാണു നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ റോഡുകൾ നിർമിക്കുന്നതും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുന്നതും. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതാണു നിർമാണ പദ്ധതികൾ വൈകിപ്പിക്കുന്നത്. ഇത്   ഒഴിവാക്കാൻ എല്ലാവരും ഉത്സാഹം കാണിക്കണം.
തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വലിയ തോതിലുള്ള റോഡ് വികസനമാണു നടക്കുന്നത്. കരമന – കളിയിക്കവിള റോഡിന്റെ രണ്ടാം ഘട്ട നിർമാണം ഉടൻ ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളൈ ഓവറായ ടെക്‌നോപാർക്ക് – കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഗതാഗതത്തിനു തുറന്നുകൊടുത്ത ആറാട്ടുകുഴി – അമ്പൂരി – നെയ്യാർഡാം റോഡിന്റെ രണ്ടാം ഘട്ട നിർമാണം മാർച്ചിനു മുൻപു പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ആറാട്ടുകുഴി – നെയ്യാർ ഡാം റീച്ചിൽ കുട്ടപ്പൂ മുതൽ കണ്ടംതിട്ട വരെയുള്ള റോഡാണ് മന്ത്രി ഗതാഗതത്തിനു തുറന്നുകൊടുത്തത്. കണ്ടംതിട്ട മുതൽ ദൈവപ്പുര വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സി.കെ ഹരീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജി, വൈസ് പ്രസിഡന്റ് അനിത മധു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ചിറക്കോട് വിജയൻ, വത്സല രാജു, ലത സുരേന്ദ്രൻ, പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയർ ജി. ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിലെ മറ്റു രണ്ടു വലിയ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെരുങ്കടവിള, കുന്നത്തുകാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുങ്കടവിള – കുന്നത്തുകാൽ റോഡും ചായ്‌കോട്ടുകോണം – മഞ്ചവിളാകം – കുന്നത്തുകാൽ റോഡും മന്ത്രി നാടിനു സമർപ്പിച്ചു.