കാര്യവട്ടം ക്യാംപസിൽ 20 സെന്റിൽ കൃഷിയിറക്കി
ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ചിന്റെ (സി ഫൈവ്) സമൃദ്ധി പദ്ധതിക്കു തുടക്കമായി. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടന കർമം നിർവഹിച്ചു. സമൃദ്ധി പദ്ധതിക്കായി കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ അനുവദിച്ച 20 സെന്റ് സ്ഥലത്തു മന്ത്രിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.
തിരുവനന്തപുരം നഗരസഭാ പ്രദേശത്തെ ഒഴിഞ്ഞ പ്രദേശങ്ങൾ 11 മാസത്തേക്കു പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നതാണു സമൃദ്ധി പദ്ധതി. തെരഞ്ഞെടുക്കുന്ന പ്രദേശത്തെ സ്‌കൂൾ, കോളജ്, ക്ലബ് എന്നിവയിൽനിന്നുള്ള വൊളന്റിയർമാരെ പരിശീലനം നൽകി കൃഷിക്കായി തെരഞ്ഞെടുക്കും. മണ്ണിന്റെ സ്വഭാവമനുസരിച്ചു വിള ഏതാണെന്നു നിശ്ചയിക്കുകയും വിളവെടുപ്പിൽ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് ഉടമയ്ക്കു നൽകുകയും ചെയ്യും.
കാര്യവട്ടം ക്യാംപസിലെ ബി.എഡ്. കോളജിന്റെ 20 സെന്റ് സ്ഥലത്താണു കൃഷിയിറക്കുന്നത്. ക്യാംപസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. വാസുകി, ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ അനിൽ കുമാർ, പ്രിൻസിപ്പാൾ ഡോ. മധുബാല ജയചന്ദ്രൻ, കെ. ശ്രീകാന്ത്, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.