ആയിരം ദിവസം: ആയിരം വികസന, ക്ഷേമ പദ്ധതികൾ

മന്ത്രിസഭ ആയിരം ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും.

ഫെബ്രുവരി 20 മുതൽ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികൾ. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഒരാഴ്ചത്തെ പ്രദർശനവും വികസന സെമിനാർ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാകും. പുതിയ പദ്ധതികളുടെയും പൂർത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും.

പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലയിൽ മന്ത്രിമാർക്ക് ചുമതല നൽകാൻ തീരുമാനിച്ചു.

തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രൻ
കൊല്ലം – ജെ. മേഴ്‌സിക്കുട്ടിയമ്മ
ആലപ്പുഴ – ജി. സുധാകരൻ
പത്തനംതിട്ട – അഡ്വ. കെ. രാജു
കോട്ടയം – പി. തിലോത്തമൻ
ഇടുക്കി – എം.എം. മണി
എറണാകുളം – എ.സി. മൊയ്തീൻ
തൃശ്ശൂർ – വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്
പാലക്കാട് – എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി
മലപ്പുറം – കെ.ടി. ജലീൽ
കോഴിക്കോട് – എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ
വയനാട് – കെ.കെ. ശൈലജ ടീച്ചർ
കണ്ണൂർ – ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി
കാസർകോട് – ഇ. ചന്ദ്രശേഖരൻ

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്‌നീഷ്യന്റെ നാല് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് മിനറൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ജനറൽ മാനേജർ ഉൾപ്പെടെ 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഫ്‌ളാറ്റുകൾ നിർമിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജിൽ 31.82 സെന്റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

ശ്രീചിത്രാ ഹോമിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) തസ്തിക സൃഷ്ടിക്കും.

നിർത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആലുകൂല്യം അനുവദിക്കാൻ തീരുമാനിച്ചു.

മോട്ടോർ വാഹന വകുപ്പിൽ പുതുതായി രൂപീകരിച്ച ഇരിട്ടി, ന•-ണ്ട, പേരാമ്പ്ര, തൃപ്രയാർ, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ നാലു വീതം മിനിസ്റ്റീരിയൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കണ്ണൂർ ജില്ലയിൽ ആറളം ഫാം ഗവൺമെന്റ് ഹൈസ്‌കൂളിൽ 2019-20 അധ്യയനവർഷം മുതൽ ഒരു ഹുമാനിറ്റീസ് ബാച്ചും ഒരു കോമേഴ്‌സ് ബാച്ചും ഉൾപ്പെട്ട ഹയർസെക്കന്ററി കോഴ്‌സിന് പ്രത്യേക കേസെന്ന നിലയിൽ അനുമതി നൽകാൻ തീരുമാനിച്ചു.

വിദ്യാഭ്യാസ പരിഷ്‌കരണം:വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറ്റിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശുപാർശ ചെയ്തു. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് ശുപാർശ.

ഡോ. എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാനും അംഗങ്ങൾക്കും പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ എന്നിവരും കൂടെയുണ്ടായിരുന്നു.

പ്രധാന ശുപാർശകൾ:

1. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണം. ഇതിന്റെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണം.

2. പ്രൈമറിതലത്തിൽ (ഒന്നു മുതൽ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യമാണ്.

3. സെക്കന്ററിതലത്തിൽ ബിരുദാന്തര ബിരുദം അടിസ്ഥാന യോഗ്യതയായിരിക്കണം. പ്രൊഫഷണൽ യോഗ്യത ബിരുദ നിലവാരത്തിലുള്ളതാകണം.

4. പ്രീ-സ്‌കൂളിന് എൻ.സി.ടി.ഇ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അധ്യാപക യോഗ്യതയാക്കണം.

5. മൂന്നു വയസ്സു മുതൽ സ്‌കൂൾ പ്രവേശന പ്രായം വരെ കുട്ടികൾക്ക് പ്രീ-സ്‌കൂളിങ് സൗകര്യം ഒരുക്കണം. പ്രീ-സ്‌കൂളിങ്ങിന് ഏകോപിത സംവിധാനം വേണം.

6. അംഗീകാരമില്ലാത്ത പ്രീ-സ്‌കൂൾ അധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം.

7. പ്രീ-സ്‌കൂളിങ് നയവും നിയമവും രൂപീകരിക്കണം.

8. റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയന്റ് ഡയറക്ടർ ഓഫ് സ്‌കൂൾ എജൂക്കേഷൻ എന്ന തസ്തികയുണ്ടാക്കണം.

9. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.

10. നാഷണൽ സ്‌കിൽ ക്വാളിഫയിംഗ് ഫ്രെയിംവർക്കിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളും സെക്കന്ററി സ്‌കൂളുകളായി മാറ്റേണ്ടതാണ്.

11. സ്ഥാപന മേധാവികൾ പ്രിൻസിപ്പാൾ എന്ന പേരിൽ ആയിരിക്കണം. പ്രിൻസിപ്പാൾ (സെക്കന്ററി), പ്രിൻസിപ്പാൾ (ലോവർ സെക്കന്ററി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.

12. ഇപ്പോൾ പ്രഖ്യാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് വിദ്യാഭ്യാസ രംഗത്ത് കേരള എജൂക്കേഷൻ സർവ്വീസ് എന്ന നിലയിൽ വികസിപ്പിക്കണം.

13. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാ പരിശീലനവും നൽകണം.