പ്രളയത്തില്‍ ആകെയുണ്ടായിരുന്ന ചെറിയ കൂര നഷ്ടമായപ്പോള്‍ പകച്ചുനില്‍ക്കുവാന്‍ മാത്രമേ അജയകുമാറിന് കഴിഞ്ഞിരുന്നുള്ളൂ. ഭാര്യയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഇനി എന്ത് ചെയ്യുമെന്ന ആറന്മുള ഏഴിക്കാട് സ്വദേശി അജയകുമാറിന്റെ വിഷമാവസ്ഥയ്ക്ക് പരിഹാരമായി ആശ്വാസത്തിന്റെ തണലൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രളയം കവര്‍ന്ന വീടിന് പകരം താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് അതിലായിരുന്നു അജയകുമാറും കുടുംബവും കഴിഞ്ഞിരുന്നത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിയുടെ ഭാഗമായി അജയകുമാറിന്റെ വീട് എന്ന സ്വപ്നം പൂര്‍ണതയിലെത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. തടിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന അജയകുമാറിന് സ്വന്തമായൊരു വീട് എന്നത് എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതല്ലായിരുന്നു. പ്രളയത്തിന് ശേഷം കളരിക്കല്‍ സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് മടങ്ങുമ്പോള്‍ സന്നദ്ധസംഘടനകള്‍ നല്‍കിയ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ഇവരുടെ കൈയ്യില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ വീണ്ടും സ്‌കൂളില്‍ നിന്നും നല്‍കിയതും ആശ്വാസമായി. പഞ്ചായത്ത് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് ഉയര്‍ന്നുവരുമ്പോള്‍ സര്‍ക്കാരിനോട് നന്ദി പറയുവാന്‍ അജയകുമാറിന് വാക്കുകളില്ല. ബാങ്കിലൂടെ കൃത്യമായ ഗഡുക്കളായി തുക ലഭിക്കുന്നത് പണികള്‍ വേഗത്തിലാക്കുന്നുണ്ടെന്ന് അജയകുമാര്‍ പറയുന്നു. രണ്ട് മുറി, ഹാള്‍, അടുക്കള, ബാത്റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന വീടാണ് സര്‍ക്കാര്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. വീട് എന്ന സ്വപ്നം സര്‍ക്കാര്‍ കരുതലില്‍ സാക്ഷാത്കരിക്കുമ്പോള്‍ നിറകണ്ണുകളോടെ പുതിയ ജീവിതത്തെ സ്വപ്നം കാണുകയാണ് അജയകുമാറും കുടുംബവും. ഈ മാസം അവസാനത്തോടെ പുതിയ വീട്ടില്‍ താമസിക്കാന്‍ സാധിക്കുമെന്നാണ് അജയകുമാറിന്റെ പ്രതീക്ഷ.