പ്രളയം തകർത്ത ക്ഷീരമേഖലയെ തിരിച്ചുപിടിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ്. വർഷം പ്രതിദിന പാലുൽപാദനം 2.50 ലക്ഷം ലിറ്ററായി വർധിപ്പിക്കാൻ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2018-19 വർഷത്തിൽ ജനുവരിവരെ ജില്ലയിൽ 715.56328 ലക്ഷം ലിറ്റർ പാലുൽപാദനമാണ് നടന്നത്. 2015-16 ൽ 721.67234 ലക്ഷവും 2016-17 ൽ 744.17510 ലക്ഷവും 2017-18 ൽ 795.05037 ലക്ഷവുമായിരുന്നു പാൽ ഉൽപാദനം.
കർഷക സമ്പർക്ക പരിപാടിയുടെ ഭാഗമായി ക്ഷീരവകുപ്പ് ജില്ലയിൽ ഇതുവരെ 1.45 ലക്ഷം രൂപ ചെലവഴിച്ചു. ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടികൾക്ക് 20,000 രൂപ ധനസഹായമായി നൽകി. 10 ക്ഷീരകർഷകർക്ക് പശു ചത്തതിനെതുടർന്ന് 1,50,000 രൂപ ധനസഹായം നൽകി. പനമരം, മാനന്തവാടി ബ്ലോക്കുകളിലായി 65,000 രൂപ ധനസഹായത്തോടെയും ജില്ലയിൽ 85,000 രൂപ ധനസഹായത്തോടെയും ക്ഷീരകർഷക സെമിനാറുകൾ, എക്‌സിബിഷൻ, ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയവ നടത്തി. ക്ഷീര കർഷകർക്കായി നിലവിലുള്ള ഇൻഫർമേഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് 1,46,737 രൂപയാണ് ചെലവഴിച്ചത്. പ്രളയ ദുരന്തത്തിൽ ഉൾപ്പെടുത്തി പശു ചത്തുപോയ ആറു കർഷകർക്ക് 90,000 രൂപയും കാലിത്തീറ്റ, കാലിത്തൊഴുത്ത് നവീകരണം എന്നിവക്കായി 4,30,000 രൂപയും നൽകി.
തീറ്റപ്പുൽകൃഷി വികസന പരിപാടികളിൽ ഉൾപ്പെടുത്തി 110 ഹെക്ടർ സ്ഥലത്ത് തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ചു. 16 ലക്ഷം രൂപ കർഷകർക്ക് ധനസഹായം നൽകി. തീറ്റപ്പുൽകൃഷി ദിനാചരണം, തീറ്റപ്പുല്ല്, വൈക്കോൽ ട്രാൻസ്‌പോർട്ടേഷൻ ഇനങ്ങൾക്കായി 6000 രൂപയും ഡയറി പ്രമോട്ടർമാരുടെ ഇൻസെന്റീവ്, അസോള കൃഷി, ജലസേചന സൗകര്യ പ്രവർത്തനങ്ങൾ, ചാഫ് കട്ടർ, ഫോഡർ ട്രീസ് വച്ചുപിടിപ്പിക്കൽ, വുമൺ ഗ്രൂപ്പിനുള്ള തീറ്റപ്പുൽകൃഷി, ക്ഷീരസംഘങ്ങൾക്ക് തീറ്റപ്പുൽ വിതരണത്തിനായി പുൽകൃഷി വച്ചുപിടിപ്പിക്കൽ തുടങ്ങിയവക്കായി 3,08,650 രൂപയും ലഭ്യമാക്കി.
ജില്ലാ ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതി പ്രവർത്തനങ്ങളിലൂടെ 6.23 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്. മിൽക്ക് ഷെഡ് വികസനപദ്ധതിയുടെ ഭാഗമായി കൺവെൻഷണൽ ഇനത്തിൽ പനമരം, സുൽത്താൻ ബത്തേരി ബ്ലോക്കുകളിലായി 40 മിനി ഡയറി യൂണിറ്റുകൾക്ക് 15.376 ലക്ഷം രൂപ ധനസഹായം നൽകി. ക്ഷീരകർഷകർക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, കാലിത്തൊഴുത്ത് നിർമ്മാണം, വുമൺ കാറ്റിൽ കെയർ വർക്കർമാരുടെ ഇൻസെന്റീവ് എന്നീ ഇനങ്ങളിൽ 18.224 ലക്ഷം രൂപയും നൽകി.
പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്കുകളിലായി 58 മിനി ഡയറി യൂണിറ്റുകൾക്ക് 29,04,000 രൂപ, ക്ഷീര കർഷകർക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിർമ്മാണം, മിനറൽ മിക്‌സ്ചർ, ശാസ്ത്രീയ കാലിത്തൊഴുത്ത് തുടങ്ങിയ ഇനങ്ങളിൽ 38,90,703 രൂപ, മിൽക്ക് ഷെഡ് വികസനപദ്ധതിയുടെ ഭാഗമായുള്ള കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി പ്രകാരം 4000 രൂപ തുടങ്ങിയവയും വകുപ്പ് നൽകിയിട്ടുണ്ട്.
ക്ഷീര സഹകരണ സംഘങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച 10,33,3500 രൂപ ചെലവഴിച്ച് ഹൈജീനിക് മിൽക്ക് കളക്ഷൻ സെന്ററുകൾ, ഓട്ടോമാറ്റിക് മിൽക് കളക്ഷൻ യൂണിറ്റുകൾ, ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ, ഇൻഫർമേഷൻ കിയോസ്‌കുകൾ, എഫ്.എസ്.എസ്.എ ട്രെയിനിങ്- റിക്വയർമെന്റ് മിൽക്ക് റൂട്ട്, സബ്‌സിഡൈസ്ഡ് ഫീഡ് കംപോണെന്റ്, എ.എം.സി യൂണിറ്റുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.
കാറ്റിൽ ഫീഡിങ് സബ്‌സീഡി കാൾ സാഗർ പ്ലസ് 6010 കിലോ ഗ്രാം ക്ഷീര കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. പദ്ധതിക്കായി 6.07 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. പ്രളയ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി കർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി നൽകുന്നതിലേക്കായി ഡി.ബി.റ്റി. ലിങ്ക്ഡ് കാലിത്തീറ്റ സബ്‌സീഡിയിനത്തിൽ 35 ക്ഷീര സഹകരണസംഘങ്ങൾക്ക് 14,98 ലക്ഷം രൂപ നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ 2017 – 18 വർഷം പാൽ അളന്ന ക്ഷീര കർഷകർക്കുള്ള ഇൻസെന്റീവ് തുകയായി 128.80 ലക്ഷം രൂപയും കാലിത്തീറ്റ സബ്‌സീഡി പദ്ധതിയിലുൾപ്പെടുത്തി 1.441 രൂപയും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ തൃശിലേരി, മക്കിയാട്, പനവല്ലി എന്നീ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററുകൾ, ആലാറ്റിൽ, സുൽത്താൻ ബത്തേരി, അമ്പലവയൽ എന്നീ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ ത്രിതല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മിൽക്ക് ഇൻസെന്റീവ് പദ്ധതി, തലപ്പുഴ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഹൈജീനിക് മിൽക്ക് കളക്ഷൻ സെന്റർ, പാമ്പ്ര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നവീകരിച്ച ഓഫീസ് ഉദ്ഘാടനം തുടങ്ങിയവയുടെ പ്രവർത്തി പൂർത്തീകരിക്കാനും ക്ഷീര വികസന വകുപ്പിന് സാധിച്ചു.