കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നമംഗലത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള  പദ്ധതി രൂപരേഖ തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  രമ്യ ഹരിദാസ് പറഞ്ഞു.
പ്രാദേശികമായി നിര്‍മ്മിക്കുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചാത്തമംഗലം, മാവൂര്‍, കുന്നമംഗലം, കാരശ്ശേരി കൊടിയത്തൂര്‍, കുരുവട്ടൂര് പെരുവയല്‍, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 156 വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ ലക്ഷ്യമിടുന്നത്.  കുന്നമംഗലം ബ്ലോക്കില്‍ വിപണന രംഗത്ത് മാത്രം 156 വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകും. ഓരോ സി.ഡി.എസിന് കീഴിലും ഓരോ ഉല്‍പാദന യൂണിറ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞാല്‍ ഉല്പാദന രംഗത്തും വിപണന രംഗത്തുമായി ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ബ്ലോക്ക് പ്രസിഡണ്ട് അറിയിച്ചു.
പദ്ധതിയുടെ സംഘാടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണസമിതി മീറ്റിങ്ങുകളും സിഡിഎസ് ജനറല്‍ബോഡി മീറ്റിങ്ങുകളും സംയുക്തമായി വിളിച്ചുചേര്‍ക്കും. തുടര്‍ന്ന് വാര്‍ഡ് തല മീറ്റിങ്ങുകളും അപേക്ഷാഫോറങ്ങളുടെ വിതരണവും നടക്കും. ഹോം ഷോപ്പ് ഓണര്‍മാരാകുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് എട്ടിനകം കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുക. ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കും. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഹോംഷോപ്പ് ഓണര്‍മാര്‍ക്കുവേണ്ടി വിഭാവനം ചെയ്യുന്നുണ്ട്.
സമയബന്ധിതമായി ചിട്ടയായി സംഘാടന പരിപാടികള്‍ നടത്തി മാര്‍ച്ച് അവസാന വാരം സമ്പൂര്‍ണ്ണ ഹോംഷോപ്പ് പ്രഖ്യാപനം  നടത്താന്‍ കഴിയുമെന്ന് ഹോം ഷോപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനു   ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന  മീറ്റിംഗില്‍ കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍പി.എം ഗിരീഷന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി കോര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍ അക്കൗണ്ടിംഗ് മാനേജര്‍ കെ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.