തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആധുനിക രീതിയില്‍ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓഫിസ് മന്ദിരത്തില്‍ നവീന രീതിയില്‍ നിര്‍മിച്ച ഇ.എം.എസ്. ഹാളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫിസ് വളപ്പില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ലാ പഞ്ചായത്ത് ഓഫിസ് ഹൈടെക് രീതിയിലാണ് പുതുക്കിപ്പണിതത്. ഇ.എം.എസിന്റെ സ്മാരകമായി നിര്‍മിച്ച ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. നവീകരിച്ച കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനം ദേവസ്വം – സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പുതിയ ഫ്രണ്ട് ഓഫിസ്, ജനസേവന കേന്ദ്രം എന്നിവയും ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
ആധുനികകാലത്തെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ജനസേവന കേന്ദ്രങ്ങളായി കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാറുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നൂതനവും സര്‍ഗാത്മകവുമായ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാതൃകയാണ്. അതിവേഗം മുന്നോട്ടുപോകുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ റെക്കോഡ് പദ്ധതിച്ചെലവാണ് നടത്തിയതെന്നും അടുത്ത സാമ്പത്തിക വര്‍ഷവും സമയബന്ധിതമായി പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തീരാജ് സംവിധാനം സര്‍ഗാത്മകവും ജനോപകാരപ്രദമായും നടപ്പാക്കാന്‍ കഴിഞ്ഞതാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച  ജില്ലാ പഞ്ചായത്താക്കി മാറ്റിയതെന്ന് കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്ത്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനകീയാസൂത്രണ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്വാഗതം ആശംസിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ മുന്‍കാല പ്രസിഡന്റുമാരെ ആദരിച്ചു. എം.എല്‍.എമാരായ വി. ജോയ്, ബി. സത്യന്‍, മേയര്‍ വി.കെ. പ്രശാന്ത്, ട്രിഡ ചെയര്‍മാന്‍ ജയന്‍ ബാബു, ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമാരായ ഗംഗാധരന്‍ നാടാര്‍, ശശികലാ ശിവശങ്കര്‍, രമണി പി. നായര്‍, അന്‍സജിത റസല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.