കോവളം മുതല്‍ ബേക്കല്‍ വരെ നിര്‍മിക്കുന്ന സംസ്ഥാന ജലപാത വിനോദസഞ്ചാര മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലേക്കു കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു. കാപ്പില്‍ ബോട്ട് ക്ലബില്‍ പൂര്‍ത്തീകരിച്ച ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വളര്‍ച്ച കൂടി മുന്നില്‍ക്കണ്ടാണ് ജലപാതാ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022ല്‍ ജലപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴി പരിസ്ഥിതി സൗഹൃദ ബോട്ട് സര്‍വീസ് ആരംഭിക്കും. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ജലപാതയിലേക്കു കടക്കുന്നതിനു പ്രത്യേക മാര്‍ഗമുണ്ടാകും. പാതയിലെ വിവിധയിടങ്ങളില്‍ ടൂറിസം വില്ലേജുകള്‍ സ്ഥാപിക്കും. കനാലിലൂടെ ചരക്കുനീക്കം സാധ്യമാകുന്നതോടെ റോഡിലെ തിരക്ക് നിയന്ത്രിക്കാനാകും.
ഓഖിയും നിപ്പയും പ്രളയവും മിന്നല്‍ ഹര്‍ത്താലുകളും ടൂറിസത്തെ പ്രതിസന്ധിയിലേക്കു തള്ളിയിട്ടെങ്കിലും അതില്‍നിന്നു തിരിച്ചുകയറാനും ആവശേത്തോടെ മുന്നേറാനും സാധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ – സ്വദേശ വിനോദസഞ്ചാരികള്‍ വലിയതോതില്‍ കേരളം കാണാനെത്തുന്നുണ്ട്. ടൂറിസം മേഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കാനും സാധിച്ചതാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബോട്ട് ടെര്‍മിനല്‍, റിസപ്ഷന്‍ ബ്ലോക്ക് കം ഫെസിലിറ്റേഷന്‍് സെന്റര്‍, വ്യൂടെക്,  ടോയ്‌ലെറ്റ് ബ്ലോക്ക്, നടപ്പാത എന്നിവയാണ് കാപ്പില്‍ ബോട്ട് ക്ലബില്‍ പൂര്‍ത്തിയാക്കിയത്. ബോട്ട് ക്ലബില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വി. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, വൈസ് പ്രസിഡന്റ് ഹര്‍ഷദ് ബാബു, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ബാലിക്, ജനപ്രതിനിധികളായ പി.സി. ബാബു, എസ്. അനിത, എന്‍. രാജു, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഇടവ സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. ശശാങ്കന്‍ എന്നിവരും പങ്കെടുത്തു.