വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടരണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി.
വേനൽക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം. എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും സ്‌നിഗ്ധവും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങളുടെ ഉപയോഗം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആയുർവേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തിൽ ധാരാളമായി ഉപയോഗപ്പെടുത്തണം. മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പ്, അരി, കൂവരക്, ചോളം, ചെറുപയർ, പരിപ്പ് വർഗങ്ങൾ ഉപയോഗിക്കാം.
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വിവിധ തരം പഴച്ചാറുകൾ നേർപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മോരിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവയും തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കടിക്കാനായി ഉപയോഗിക്കാം.  സാധാരണ കുടിക്കുന്നതിലും കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതാണ് നല്ലത്. മലർപ്പൊടി പഞ്ചസാര ചേർത്ത് അൽപാൽപമായി കഴിക്കുന്നത് ക്ഷീണമകറ്റും.
മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അനുയോജ്യം. ശരീരതാപം വർധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം പോലെയുള്ള എണ്ണകൾ പുരട്ടി കുളിക്കുന്നത് ത്വക്കിന് പ്രതിരോധശക്തി വർധിപ്പിക്കും.
സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമായ ഷഡംഗം, കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണ്ണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണെന്നും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.