പൊതുജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഡെമോ ഹട്ടിലേക്ക് (വോട്ടിങ്ങ് പരിശീലന കേന്ദ്രം) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനം സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി.
വിവിപാറ്റ് ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടിങ് സമയത്ത് തന്നെ ഉറപ്പിക്കാന്‍ കഴിയുന്നത് വോട്ടര്‍മാര്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്നുണ്ടെന്നും 40 കാരന്‍ ശ്രീകുമാര്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് വോട്ടോടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉത്കണ്ഠയും ആകാംക്ഷയും ഒഴിവാക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വോട്ടിംഗ് ഡെമോ ഹട്ട് സ്ഥാപിച്ചത്.വിവിപാറ്റ് മെഷീനിലൂടെ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് ഉറപ്പാക്കാന്‍ കഴിയും.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്.വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്നം തുടങ്ങിയവ എട്ട് സെക്കന്റോളം സ്‌ക്രീനില്‍ കാണാം. എട്ട് സെക്കന്റിന് ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള ബോക്‌സില്‍ വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്‌സില്‍ സൂക്ഷിക്കപ്പെടും.വിവിപാറ്റിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലൂടെ വിശദമായി പരിചയപ്പടാനുള്ള അവസരമാണ് പൊതുജനങ്ങല്‍ക്ക് ലഭിച്ചിരിക്കുന്നത്‌