ആലപ്പുഴ: പൊതുനിരത്തിൽ നിന്ന് ഗാർഹിക തലം വരെ എത്തേണ്ടതും ജനങ്ങളുടെ ജീവിതശൈലിയിലും ശീലങ്ങളിലും ഉണ്ടാകേണ്ട ഗുണപരമായ മാങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ സഹായകരമാകുമെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. 2019 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതകേരളം മിഷൻ തയ്യാറാക്കിയ ഹരിതചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന കൈപുസ്തകത്തിന്റെ പ്രകാശനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു കളക്ടർ. ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക എന്ന ഹരിത കേരളം മിഷന്റെ ലക്ഷ്യം ബഹുജന വിദ്യാഭ്യാസ പരിപാടിയായി വികസിപ്പിച്ചെടുക്കണമെന്നും ഹൈക്കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗ്ഗ നിർദ്ദേശപ്രകാരം പുറത്തിറക്കിയ കൈപുസ്തകം പ്ലാസ്റ്റിക് മുക്തരഹിത തിരഞ്ഞെടുപ്പിന് സഹായകമാകുമെന്ന് ജില്ല കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ്, ഹരിതകേരളം മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, ശുചിത്വമിഷൻ ജില്ല കോ-ഓർഡിനേറ്റർ ബിൻസ്.സി. തോമസ്, അസി.കോ-ഓർഡിനേറ്റർ കെ.പി.ലോറൻസ്, എന്നിവർ പങ്കെടുത്തു. പ്രസ്തുത പുസ്തകം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലേയും ഫെസിലിറ്റേഷൻ സെന്റർ വഴി രാഷ്ട്രീയകക്ഷികൾക്കും ജനങ്ങൾക്കും വിതരണം ചെയ്യും.