ആലപ്പുഴ : ദിവ്യാങ്കർ സമ്മതി ദാനവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടർ എസ്.സുഹാസ് ആര്യാട് ബഡ്സ് സ്‌കൂളിൽ എത്തി. പ്രായാധിക്യം ബാധിച്ചവർക്കും ദിവ്യാങ്കർക്കും വോട്ട് ചെയ്യാനുള്ള എല്ലാവിധ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കി നൽകുമെന്ന് ജില്ലാ അവർക്ക് വാഗ്ദാനം നൽകി. വാഹനം അടക്കമുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കും. ആര്യാട് ബഡ്സ് സ്‌കൂളിലേ പതിനാല് വിദ്യാർത്ഥികളിൽ പന്ത്രണ്ട് പേർക്കും സമ്മതിദാന അവകാശമുള്ളവരാണ്. അന്ധരായവർക്കും അവശരായവർക്കും സമ്മദിദാനവകാശം നിർവഹിക്കാൻ നിയമം അനുശാസിക്കുന്നതായും ഇത്തരക്കാർക്ക് എല്ലാ സഹായവും ജില്ലാ ഭരണകൂടം നൽകുമെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. അന്ധത മൂലം ബാലറ്റിലെ ചിഹ്നം തിരിച്ചറിയാൻ കഴിയാത്തവർക്കും എന്തെങ്കിലും ശാരീരിക വൈകല്യം മൂലം ബാലറ്റിൽ സ്ഥാനാർഥികളുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയാത്തവർക്കും തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടാവുന്നതാണെന്ന് ജില്ലാകളക്ടർ പറഞ്ഞു. സഹായി 18 വയസ് തികഞ്ഞവരായിരിക്കണം. ഈ സഹായിക്ക് മറ്റാർക്കെങ്കിലും വേണ്ടി മറ്റേതെങ്കിലും പോളിംഗ് ബൂത്തിൽ സഹായിയായി പോകാൻ അനുമതിയുണ്ടാകില്ല. സഹായിയായി പോകുന്നവർ തങ്ങൾ രേഖപ്പെടുത്തുന്ന വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റാർക്കും വേണ്ടി സഹായിയായി വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലം നൽകേണ്ടതാണ്. പോളിംഗ് ജീവനക്കാർക്ക് സഹായിയായി വോട്ട് ചെയ്യാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ശന്തനു പ്രദീപ് വിദ്യാർത്ഥികൾക്ക് വി. വി. പാറ്റ് മെഷീൻ പരിചയപ്പെടുത്തി. അധ്യാപകർക്ക് മെഷിൻ സംബന്ധിച്ചുള്ള മാർഗരേഖയും നൽകി. തുടർന്ന് ആവശ്യസാധനങ്ങളുടെ കിറ്റ് ജില്ലാ കളക്ടർ വിദ്യാർഥികൾക്കായി നൽകി. അവലൂക്കുന്ന് ആശാൻ മെമ്മോറിയൽ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ എൽ.എ സ്പെഷ്യൽ തഹസീൽദാർ അബ്ദുൾ റഷീദ്, അധ്യാപിക വിനീത , അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ പോളിങ് ശതമാനം നൂറിൽ നൂറാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു സന്ദർശനം.