ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഏഴു സ്ഥാനാർത്ഥികൾ കൂടി ബുധനാഴ്ച നാമനിർദേശ പത്രിക നൽകി. ഇതോടെ മണ്ഡലത്തിൽ ലഭിച്ച പത്രികകളുടെ എണ്ണം 14 ആയി. ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) സ്ഥാനാർത്ഥി ചേർത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാർ ആണ് ഇന്നലെ ആദ്യം പത്രിക നൽകിയത്. നേതാക്കളായ പി.എസ് ശ്രീധരൻപിള്ള, സജി ശങ്കർ, എം.കെ ഷാജി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പിൽ മൊഹമ്മദ് (ബഹുജൻ സമാജ്‌വാദി പാർട്ടി), കണ്ണൂർ കണിച്ചാർ പള്ളിക്കമാലിൽ ജോൺ പി.പി (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്), സ്വതന്ത്രരായി പനമരം ചെറുകാട്ടൂർ കരിമാക്കിൽ സെബാസ്റ്റ്യൻ, സുൽത്താൻ ബത്തേരി നൂൽപ്പുഴ കാക്കത്തോട് കോളനിയിലെ ബിജു.കെ, തൃശ്ശൂർ വെളുത്തൂർ കൈപ്പുള്ളി പ്രവീൺ കെ.പി എന്നിവരും ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് പത്രിക സമർപ്പിച്ചു.
രാവിലെ 11 മുതൽ 3 വരെ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാർ പത്രിക സ്വീകരിക്കും. മാർച്ച് അഞ്ചിനാണ് സൂക്ഷ്്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 8 ആണ്. 23നു പോളിങും മെയ് 23ന് വോട്ടെണ്ണലും നടക്കും.