വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ്പിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്കരണ സൈക്കിള്‍ റാലി ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയില്‍ ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജിലെ 25 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം പങ്കെടുത്തു. പാലക്കാട് നഗരസഭയിലെ 16 ബൂത്തുകളില്‍ മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനം മാത്രമായിരുന്നു പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ത്താന്‍ വോട്ടര്‍മാര്‍ക്ക് പ്രചോദനം നല്‍കാനാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം’ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ റാലിക്ക് എത്തിയത്. ‘വോട്ടവകാശം പൗരന്റെ കടമ’, ‘വോട്ട് ചെയ്യൂ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കു’ എന്നീ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ സൈക്കിളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നഗരത്തിന് സമീപത്തെ 10 കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ റാലിയും പ്രദര്‍ശനവും നടന്നു.
