വയനാട് ലോകസഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കാനൊരുങ്ങിയ മലയൻകീഴ് നാലാംകല്ല് ഇന്ദീവരത്തിൽ സരിത എസ്. നായരുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ക്രിമിനൽ കേസിൽ രണ്ടുവർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാർ പത്രിക തള്ളിയത്. കേസുകളിൽ സ്റ്റേ ഉണ്ടെന്ന സരിതയുടെ വാദം തള്ളിയ വരണാധികാരി, ഇത് കുറ്റവിമുക്തയാണെന്ന സന്ദേശമല്ല നൽകുന്നതെന്നു വിലയിരുത്തി. രണ്ടു സെറ്റ് നാമനിർദേശ പത്രികയാണ് സരിത എസ് നായർ സമർപ്പിച്ചിരുന്നത്. പത്രികയിൽ സൂചിപ്പിച്ചിരുന്ന കേസുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനയ്ക്കുമായി ഇതിന്മേൽ തീരുമാനമെടുക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.