ലോക് സഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ വികസിപ്പിച്ച പോള്‍ മാനേജര്‍ ആപ് ശ്രദ്ധേയമാവുന്നു. വോട്ടെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി അറിയിക്കാന്‍ ഏറെ സഹായകമായ ആപ് ആണിത്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ പുറത്തിറക്കിയ ഈ ആപ്ലിക്കേഷന്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അപ്രൂവല്‍ ചെയ്തിട്ടുണ്ട്. പോള്‍ മാനേജര്‍ ആപ് കൈകാര്യം ചെയ്യാന്‍ റിട്ടേണിങ്ങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍, തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു വെബ് പോര്‍ട്ടലും ഉണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം മൊബൈല്‍ നമ്പറും ഒടിപിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ആപ് ഉപയോഗിച്ച് തുടങ്ങാം. ഇതിനായി ഉദ്യോഗസ്ഥര്‍ അവരുടെ ഫോണ്‍നമ്പര്‍ ശരിയായി അപ് ലോഡ് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം
പോളിങ്ങ് സുഗമമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ആപ് കൂടിയാണിത്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് സ്റ്റേഷനിലേക്ക് പുറപ്പെട്ടോ ഇല്ലയോ എന്നും, പുറപ്പെട്ടെങ്കില്‍ അവര്‍ എവിടെ എത്തി, മോക്‌പോള്‍ സ്റ്റാര്‍ട്ട് ചെയ്‌തോ ഇല്ലയോ, രാവിലെ ഏഴിന് പോളിങ്ങ് തുടങ്ങിയോ തുടങ്ങിയ കാര്യങ്ങള്‍ ഈ ആപ്പിലൂടെ അറിയാം. ക്യൂവില്‍ ഉള്ള ആള്‍ക്കാരുടെ എണ്ണം, ഓരോ മണിക്കൂറിലുമുള്ള പോളിങ്ങ് ശതമാനം അറിയിക്കാനും, അവസാനത്തെ പോളിങ്ങ്, പോളിങ്ങ് ക്ലോസ് ചെയ്‌തോ ഇല്ലയോ എന്നും പോളിങ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പോളിങ് ബൂത്തില്‍ എത്തിയോ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ആപ്പിലൂടെ അറിയാന്‍ പറ്റും.
തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവങ്ങള്‍, ഇവിഎം തകരാര്‍ ,{കമസമാധാനം, പോളിങ്ങ് തടസ്സപ്പെടുക, തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അലേര്‍ട്ട് ചെയ്യാനുള്ള സംവിധാനവും പോള്‍ മാനേജറില്‍ ഉണ്ട്.
പോള്‍ മാനേജര്‍ ഉപയോഗിക്കാന്‍ അതത് സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ ആപ് ഉയോഗിക്കാന്‍ കഴിയാതെ വന്നാല്‍ ബന്ധപ്പെട്ട സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറണം. സെക്ടറല്‍ ഓഫീസര്‍ക്ക് ഈ വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഇതിലൂടെ തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ബൂത്തിലെയും വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.