സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ ഗാനം ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാർ പ്രകാശനം ചെയ്തു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച രീതിയിലാണ് സ്വീപ്പിന്റെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടിങ് മെഷീനും വിവി പാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വിവിധ പരിപാടികൾ നടന്നുവരികയാണ്. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും ബോധ്യം വന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. മികച്ച ഭരണാധികാരികളെ ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാവണം. സ്വീപ് ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ഈ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എഡിഎം കെ അജീഷ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരായ ടി. ജനിൽകുമാർ, രോഷ്ണി നാരായണൻ, സ്വീപ് നോഡൽ ഓഫിസർ എൻ.ഐ ഷാജു, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ കളക്ടറേറ്റിലും കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്, എച്ച്ഐഎം യുപി സ്‌കൂൾ പരിസരം എന്നിവിടങ്ങളിലും ബോധവത്ക്കരണ ഗാനം അവതരിപ്പിച്ചു. കണ്ണൂർ എയർപോർട്ട് തീം സോങ് ഒരുക്കിയ എസ്‌കെഎംജെ സ്‌കൂൾ മലയാളം അധ്യാപകൻ ഷാജി മട്ടന്നൂരാണ് തെരഞ്ഞെടുപ്പ് ഗാനമെഴുതി ചിട്ടപ്പെടുത്തിയത്. സ്‌കൂളിലെ 13 വിദ്യാർത്ഥികളാണ് ഗായകർ.