ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 907562 പേര്‍. ഇതില്‍ 456665 പേര്‍ പുരുഷന്‍മാരും 450894 പേര്‍ സ്ത്രീകളും  മൂന്ന് പേര്‍ ഇതരലിംഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ആകെ 1205376 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കു പ്രകാരം 75.29 ആണ്  പോളിംഗ് ശതമാനം. 
 
പിറവം -74.97, പാല- 72.26, കടുത്തുരുത്തി -70.78, വൈക്കം- 79.47, ഏറ്റുമാനൂര്‍ -77, കോട്ടയം-76.09, പുതുപ്പള്ളി- 75.15 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കടുത്തുരുത്തി മണ്ഡലത്തിലെ കിഴക്കേക്കര സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ  105-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ്- 91.35.  ഈ ബൂത്തില്‍ ആകെയുളള 636 വോട്ടര്‍മാരില്‍ 581 പേര്‍ വോട്ട്  ചെയ്തു. ശതമാന കണക്കില്‍ ഏറ്റവും പിന്നില്‍ പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് ചര്‍ച്ച് മിഷന്‍ എല്‍.പി സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്താണ്. 53.76 ശതമാനമാണ് ഇവിടുത്തെ പോളിംഗ്.  ആകെയുളള 930  വോട്ടര്‍മാരില്‍ 500 പേര്‍ ഇവിടെ വോട്ട് ചെയ്തു. 
 
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 685067 പേര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ട് ചെയ്യുന്നതിന് ഉപയോഗിച്ചത്. 222495 പേര്‍ മറ്റു രേഖകളാണ് ഹാജരാക്കിയത്.