ജൂൺ ഒന്നു മുതൽ സംസ്ഥാന സർക്കാരിന്റെ അസാധാരണ ഗസറ്റുകൾ ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറങ്ങി. ഇ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം ഇലക്‌ട്രോണിക് രൂപത്തിലും ഡൗൺലോഡ് ചെയ്തും അച്ചടിച്ച രൂപത്തിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് പരിഗണിക്കും.
അസാധാരണ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വകുപ്പുകളും സ്ഥാപനങ്ങളും മേയ് 15നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് യൂസർ നെയിമും പാസ്‌വേഡും ലഭിക്കുന്നതിന് പേര്, തസ്തിക, പെൻ നമ്പർ, സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ, വകുപ്പ്, ഓഫീസ് മുതലായ വിവരങ്ങൾ gazette.printing@kerala.gov.in  എന്ന വിലാസത്തിൽ നൽകണം. അച്ചടി വകുപ്പിൽ നിന്ന് നൽകുന്ന യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ നൽകേണ്ടത്. ഉദ്യോഗസ്ഥന് ഡിജിറ്റൽ സിഗ്‌നേച്ചറും ഉണ്ടായിരിക്കണം.
 www.printing.kerala.gov.in നൽകിയിട്ടുള്ള  guidelines for e-publishing of extraordinary gazette notifications  ലിങ്കിൽ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രസിദ്ധീകരിക്കാനുള്ള ഉള്ളടക്കം നൽകേണ്ടത്. വകുപ്പുകൾ നൽകുന്ന വിജ്ഞാപനങ്ങളിൽ അച്ചടി വകുപ്പ് മാറ്റങ്ങൾ വരുത്തില്ല. തെറ്റുകൂടാതെ ഉള്ളടക്കം നൽകാൻ ശ്രദ്ധിക്കണം. അസാധാരണ ഗസറ്റിലെ വിജ്ഞാപനം നിയമപരമായ മറ്റേതെങ്കിലും അധികാരിക്കോ സ്ഥാപനങ്ങൾക്കോ നൽകേണ്ടതുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വകുപ്പിനും അധികാരിക്കുമായിരിക്കും.