എസ്.എസ്.എല്‍.സി പരീക്ഷയിലെ സമ്പൂര്‍ണ്ണ വിജയങ്ങളുടെ പട്ടികയില്‍ പത്തരമാറ്റ് തിളക്കവുമായി ഒളശ്ശ അന്ധവിദ്യാലയം. കാഴ്ച്ച വൈകല്യമുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ഇവിടെ ആദ്യ ബാച്ചില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒന്‍പതു പേരും വിജയിച്ചു. ബ്രെയിലി ലിപിയിലും ഓഡിയോ റെക്കോര്‍ഡ് രൂപത്തിലുമുള്ള നോട്ടുകളും ഉപയോഗിച്ചായിരുന്നു പഠനം. 
 
എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടിയ പന്തളം സ്വദേശി വൈശാഖ് മുരളിയാണ് വിജയികളില്‍ ഒന്നാമന്‍. ആലുവ പറവൂരില്‍നിന്നുള്ള എം.ജി. ലിബ്‌നയാണ് ബാച്ചിലെ ഏക വിദ്യാര്‍ഥിനി.  സി. കതിരേഷ്(കുമളി), ക്രിസ്റ്റോ തോമസ്(എടത്വ), അഭിഷേക്(പുളിങ്കുന്ന്), പ്രജിത് പ്രകാശ്(അടൂര്‍), ടി.ഡി. അശ്വിന്‍(പെരുമ്പാവൂര്‍), അനന്തവിഷ്ണു(പന്തളം),  അഖില്‍ കെ അനില്‍(മുണ്ടക്കയം) എന്നിവരും സ്‌കൂളിന്റെ ചരിത്ര നേട്ടത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചു. ഇവരില്‍ പലരും ഒന്നാം ക്ലാസ് മുതല്‍ ഈ സ്‌കൂളില്‍ പഠിച്ചവരാണെന്ന് ഹെഡ്മാസ്റ്റര്‍ ഇ.ജെ കുര്യന്‍ പറഞ്ഞു. 
 
നാലു വര്‍ഷം മുമ്പാണ് ഒളശ്ശ അന്ധവിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ ആരംഭിച്ചത്.  അതിനു മുന്‍പ് ഇവിടെ താമസിച്ച് കുടമാളൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്നത്.  പരിപ്പ് എന്‍.എസ്.എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവരുടെ സ്‌ക്രൈബ്‌സ് ആയി ഇക്കുറി പരീക്ഷയെഴുതിയത്.