കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വി.പി. സജീന്ദ്രൻ എം.എൽ.എ ഏർപ്പെടുത്തിയ അവാർഡ് വിതരണം ചെയ്തു. ചാലക്കുടി എം.പി ബെന്നി ബെഹന്നാൻ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. വി.പി. സജീന്ദ്രൻ
എം എൽ എ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ നമിത പ്രമോദ്, ധർമ്മജൻ ബോൾഗാട്ടി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സൂരജ്‌ ബെന്നിനെ ചsങ്ങിൽ അനുമോദിച്ചു. സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളിൽ സി.ബി.എസ്.ഇ, സംസ്ഥാന സിലബസുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും പ്രൈമറി വിഭാഗത്തിൽ എൽ.എസ്.എസ്. യു.എസ്. എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. 1300 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗൌരി വേലായുധൻ, മുംതാസ് ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ. അയ്യപ്പൻ കുട്ടി, ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.കെ. പ്രഭാകരൻ, അമ്മുക്കുട്ടി സുദർശനൻ, എ ഇ ഒ അബ്ദുൾ സലാം, സ്വാഗതസംഘം കൺവീനർ രഞ്ജിത്ത് പോൾ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: വി.പി. സജീന്ദ്രൻ എംഎൽഎ യുടെ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം ചാലക്കുടി എം പി ബെന്നി ബഹനാൻ നിർവ്വഹിക്കുന്നു.