സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് വലിയ ഉണര്‍വിന്റെ പാതയിലാണെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉന്നത വിജയികള്‍ക്കുള്ള അനുമോദന ചടങ്ങ് ‘നിറവ്’ താമരശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളിലെ പോലെ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കു അവസാനിച്ചു. പകരം ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് ഇന്ന് കാണാന്‍ കഴിയുന്നത്. 1.6 ലക്ഷം പേരാണ് ഈ വര്‍ഷം പൊതുവിദ്യാലയത്തില്‍ ചേര്‍ന്നിരിക്കുന്നത്. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. നമ്മുടെ മതനിരപേക്ഷത നിലനില്‍ത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെല്ലാവരും ഇന്ന് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടികൊണ്ടിരിക്കുയാണെന്നും മന്ത്രി പറഞ്ഞു.
2018-19 വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരെയും മെഡിക്കല്‍/എഞ്ചിനീയറിംഗ് പരീക്ഷകളില്‍ ഉന്നത റാങ്ക് നേടിയവരെയുമാണ് അനുമോദിച്ചത്. പൊതുമേഖല സ്ഥാപനമായ തൃശൂര്‍ സീതാറാം ടെക്‌സ്റ്റൈല്‍ ലിമിറ്റഡ് ചെയര്‍മാനായി നിയമിതനായ പി മുഹമ്മദ് യൂസുഫ്ഹാജിയെയും ഉപഹാരം നല്‍കി ആദരിച്ചു.
വ്യാപാര ഭവനില്‍ നടന്ന് പരിപാടിയില്‍ കാരാട്ട്റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഗസ്തി പല്ലാട്ട്, ജില്ലാപഞ്ചായത്തംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എ പി ഹുസ്സയിന്‍, കൊടുവള്ളി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, കൗണ്‍സിലര്‍ വായോളിമുഹമ്മദ്, താമരശേരി ഗ്രാമപഞ്ചായത്തംഗം കെ സരസ്വതി, ഡിഇഒ എന്‍ മുരളി, എഇഒമാരായ എന്‍പി മുഹമ്മദ് അബ്ബാസ്, വി മുരളികൃഷ്ണന്‍, സീനിയര്‍ ഡയറ്റ് ലക്ചര്‍ യു കെ അബ്ദുള്‍നാസര്‍, കണ്ടിയില്‍ മുഹമ്മദ്, ഒ പി ഐ കോയ, ജോണ്‍സണ്‍ ചക്കാട്ടില്‍, കെവി സെബാസ്റ്റിയന്‍, ഫാ: സിബി ഇമ്മാനുവല്‍, റെജി ജോസഫ്, ടി സി വാസു, കരീം പുതുപ്പാടി എന്നിവര്‍ സംസാരിച്ചു. ക്രിസ്റ്റല്‍ കണ്‍വീനര്‍ ബിപിഒ വി എം മെഹറലി സ്വാഗതവും ജോസ് തുരുത്തിമറ്റം നന്ദിയും പറഞ്ഞു.