കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ സർവ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വർക്കർമാരുടെ ആശ്രിതർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോർപ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നൽകാൻ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.
വ്യവസായ പരിശീലന വകുപ്പിനു കീഴിലായി ഒരു സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് മോണിറ്ററിങ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 4 തസ്തികകൾ സൃഷ്ടിക്കും.
കായികഭവൻ നിർമിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ വഞ്ചിയൂർ വില്ലേജിൽ 29.55 സെന്റ് സ്ഥലം രണ്ടുസേവന വകുപ്പുകൾ തമ്മിലെ ഭൂമി കൈമാറ്റ വ്യവസ്തകൾ പ്രകാരം കായിക യുവജന വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.
കേന്ദ്രപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്രൊജക്ട് കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിലെ എൻവയൺമെന്റൽ എഞ്ചിനീയർ കലൈ അരശനെ അഡീഷണൽ പ്രൊജക്ട് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെ ഡോക്ടർമാർ ഒഴികെയുള്ള സ്ഥിരം തസ്തികകളിലെ നിയമനം പി.എസ്.സി വഴി നടത്താൻ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ തിരുവനന്തപുരം, തൃശ്ശൂർ ഡിവിഷനുകൾക്ക് കീഴിലായി കറാർ വേതനടിസ്ഥാനത്തിൽ 3 അസിസ്റ്റന്റ് എഞ്ചിനിയറുടെയും 12 എഞ്ചിനിയറിങ് അസിസ്റ്റന്റുമാരുടെയും തസ്തികകൾ മൂന്ന് വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തിൽ 68 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 34 തസ്തികകൾ ഒന്നാം ഗ്രേഡ് ഓവർസിയറുടേതും 11 തസ്തികകൾ രണ്ടാം ഗ്രേഡ് ഓവർസിയറുടേതുമാണ്.
ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ മാനേജീരിയൽ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
കടച്ചി കൊല്ലൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
നിയമനങ്ങൾ, മാറ്റങ്ങൾ
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകൾക്കു പുറമെ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറുടെ ചുമതല നൽകാൻ തീരുമാനിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകൾക്കു പുറമെ റവന്യൂ (ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. ഷർമിള മേരി ജോസഫിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ ചുമതല കൂടി ഡോ. ഷർമിള വഹിക്കും.
ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നിലവിലുള്ള ചുമതലകൾക്കു പുറമെ സിവിൽ സപ്ലൈസ് കമ്മീഷണറുടെ ചുമതല കൂടി നൽകാൻ തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറട്കർ അലി അസ്ഗർ പാഷയെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറട്കറുടെയും ചുമതലകൾ കൂടി അദ്ദേഹം വഹിക്കും.
ലാന്റ് റവന്യൂ കമ്മീഷണർ സി.എ. ലതയ്ക്ക് ലാന്റ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് യു.വി. ജോസിന് വിവരപൊതുജനസമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ കൗശിഗന് ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
എൻവയൺമെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടർ വീണാ മാധവന് അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ എസ്. ഷാനവാസിനെ തൃശ്ശൂർ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. തൃശ്ശൂർ കലക്ടർ അനുപമ അവധിയിലാണ്.
ഡോ. പി.കെ. ജയശ്രീയെ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.
കൊല്ലം സബ് കലക്ടർ എ. അലക്‌സാണ്ടറിനെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷനായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.