തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണ മേഖലയിലെ തീര്‍പ്പാക്കാത്ത    കേസുകള്‍ ജൂലൈ 10 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. കെട്ടിടനിര്‍മ്മാണ  അനുമതി സംബന്ധമായ  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി സെക്രട്ടറിമാരുടെ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെട്ടിട നമ്പര്‍ നല്‍കല്‍,  പെര്‍മിറ്റ് നല്‍കല്‍, ഇതര  പ്രശ്‌നങ്ങള്‍ തുടങ്ങിയവ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കുര്യാക്കോസ് യോഗത്തില്‍ വിശദീകരിച്ചു. ജില്ലയില്‍ 52 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 491 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. സംസ്ഥാനത്ത്  മറ്റ് ജില്ലകളെ അപേക്ഷിച്ച്  ഇടുക്കി ജില്ലയില്‍   പൊതുവെ തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ കുറവാണ്.

പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ  അടിസ്ഥാനത്തില്‍ കുറഞ്ഞ പ്രകടനം  കാഴ്ചവെച്ച മൂന്നാര്‍, ബൈസണ്‍വാലി, വണ്ടിപ്പെരിയാര്‍, സേനാപതി, ഏലപ്പാറ എന്നീ അഞ്ചു  പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പ് അവലോകനം  നടത്തുകയും നടപ്പിലാക്കിയവയുടെ   പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.   യോഗത്തില്‍ പ്ലാനിംഗ് ഓഫീസര്‍ കെ. കെ. ഷീല, ജില്ലാ ടൗണ്‍ പ്ലാനര്‍ ജിമ്മിച്ചന്‍ മാത്യു, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ കെന്നഡി, പഞ്ചായത്ത്-മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.