പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാധ്യമാകുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോട്ടായി ഗ്രാമപഞ്ചായത്തിലെ ചമ്പ്രക്കുളം എസ്.സി കോളനിയിലെ പ്രളയക്കെടുതി മൂലം നാശം സംഭവിച്ച കോളനികളുടെ പുനര്‍നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസം, ഹോസ്റ്റല്‍ നവീകരണം, ഗുണമേന്‍മയുളള ഭക്ഷണം, വര്‍ദ്ധിപ്പിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വഴിയാണ് ഈ വിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കുക. നിലവില്‍ ഈ വിഭാഗക്കാരായ കുട്ടികളുടെ അലവന്‍സും പോക്കറ്റ് മണിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയതിന് പുറമെ വീട്ടിലിരുന്ന് പഠനം നടത്തുന്നവര്‍ക്കായി വീടിനോട് ചേര്‍ന്ന് പഠനമുറികള്‍ വകുപ്പ്് സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 25000 പഠനമുറികളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്. പഠിച്ചിറങ്ങുന്നവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. രാജ്യത്തിനകത്ത് തൊഴില്‍ ഉറപ്പാക്കുന്നതിന് പുറമെ വിദേശത്ത് തൊഴിലവസരം നല്‍കുന്നുണ്ട്. നിലവില്‍ 200 പേര്‍ ഇത്തരത്തില്‍ മലേഷ്യ, ഇന്തോനേഷ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ തൊഴില്‍ നേടി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വിദേശ ഏജന്‍സികളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയ ശേഷമാണ് വിദേശ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കി വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലവും വീടുമില്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്തി ഫ്‌ളാറ്റുകള്‍ നല്‍കുന്ന ലൈഫ് മിഷന്റെ രണ്ടാം ഘട്ടം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ചമ്പ്രക്കുളം കോളനിയില്‍ നടന്ന പരിപാടിയില്‍ കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി മുഖ്യാതിഥിയായി. ജനപ്രതിനിധികളായ എം. ആര്‍. ജയരാജ്, കെ.പി രവീന്ദ്രന്‍, കെ കുഞ്ഞുലക്ഷ്മി, വി.കെ സുരേന്ദ്രന്‍, വി.സത്യഭാമ, കെ കരുണാകരന്‍, വി.ആര്‍ ഭാസി, സി.ആര്‍.ദീപ, വി.കെ ജമീല, ടി.എ ബിന്ദു, എം.എം. സജി, പി.കെ രേണുക, കെ രാധ, പി.കെ സുദേവന്‍, എം.എസ്. ശശികുമാര്‍, കെ.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടായി ഗ്രാമപഞ്ചായത്തിലെ പ്രളയക്കെടുതി മൂലം നാശം സംഭവിച്ച ചമ്പ്രക്കുളം എസ്.സി കോളനിയുടെ പുനര്‍നിര്‍മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുന്നു.

അംബേദ്കര്‍ കോളനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

തരൂര്‍ നിയോജക മണ്ഡലത്തില്‍ കോട്ടായി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ ചമ്പ്രക്കുളം പട്ടികജാതി കോളനിയില്‍ പ്രളയക്കെടുതിമൂലം നാശം സംഭവിച്ച പുനര്‍നിര്‍മാണ പ്രവൃത്തികളാണ് നിലവില്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തത്. പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 2382129 രൂപ ചെലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കേടുപാട് സംഭവിച്ച കോളനിയിലെ കോണ്‍ക്രീറ്റ് നിര്‍മാണം, വീടുകള്‍, കിണറുകള്‍ എന്നിവയുടെ അറ്റക്കുറ്റപണിയാണ് ആറു മാസത്തിനുള്ളില്‍ നടക്കുക. കൂടാതെ ഒരു കോടിയുടെ അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി സമുച്ചയം ഉള്‍പ്പെടെയുള്ള കോളനി നവീകരണ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ബാക്കിയുള്ള തുകയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പരിപാടിയില്‍ പറഞ്ഞു. 60 ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്ന ചമ്പ്രക്കുളം കോളനിയുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്.