ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ജീവിതവും പ്രകൃതിയുമായി ബന്ധിപ്പിച്ചുവേണം വിദ്യാര്‍ഥികള്‍ പഠനം നടത്താനെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. നന്നായി പഠിക്കുകയും മാര്‍ക്കു നേടുകയും ചെയ്തതുകൊണ്ടുമാത്രമായില്ല പഠിക്കുന്ന കാര്യങ്ങള്‍ ജീവിതവുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ അത് സംസ്‌കാരമായി മാറുകയുള്ളൂ. കേവലം പാഠപുസ്തക പഠനം മാത്രമല്ല ക്യാമ്പസ് തന്നെ പഠന പുസ്തകം ആയി മാറുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അത്തോളി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്  അനുവദിച്ച  മൂന്ന് കോടി  രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അത്തോളി എന്‍.ആര്‍.ഐ ഫോറം യു.എ.ഇയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച നേതാജി പാര്‍ക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി  ചലഞ്ച് ഫണ്ടിലൂടെ 14 കോടിയോളം രൂപ എയ്ഡഡ് സ്‌കൂളുകളിലെ കെട്ടിടങ്ങള്‍ മാറ്റുന്നതിനു വേണ്ടി നല്‍കിക്കഴിഞ്ഞു. ഇനിയും അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ ഇങ്ങനെയൊരു  പാര്‍ക്ക് സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പാര്‍ക്ക് രേഖ സമര്‍പ്പണം എന്‍.ആര്‍.ഐ ഫോറം യു.എ.ഇ പ്രസിഡന്റ് പാണക്കാട് ഷാഹുല്‍ ഹമീദും  പാര്‍ക്കിന്റെ ശില്‍പ്പിയെ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ആദരിച്ചു. സ്‌കൂളിലെ പാചക പഠന കേന്ദ്രം പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം  ശോഭ നിര്‍വഹിച്ചു.  ഹെഡ്മിസ്ട്രസ് ലത കാരാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ എം വേലായുധന്‍, ഷഹനാസ്ബി,   ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ രാമചന്ദ്രന്‍, പിടിഎ. പ്രസിഡന്റ് ഒ.കെ മനോജ്, എ കെ രാജന്‍,  രാജേഷ് കൂട്ടാക്കില്‍,  ടി പി അബ്ദുള്‍ ഹമീദ്,  ടി കെ കൃഷ്ണന്‍, സാജിത്  കോറോത്ത് എന്‍ ആര്‍ ഐ,  ടി കെ മോഹനന്‍ എന്‍ ആര്‍ ഐ, അബ്ദുല്‍ അസീസ് വ്യാപാരിവ്യവസായി,  വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ബിജേഷ് ടി പി, ഡെപ്യൂട്ടി എച്ച് എം കെ രവീന്ദ്രന്‍,  യുപി വിഭാഗം സീനിയര്‍ ടീച്ചര്‍ ചിത്ര കെ വി,  സ്റ്റാഫ് സെക്രട്ടറി പ്രകാശ് രാമത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.