പാലക്കാട് ജില്ലാ ജയില്‍ മലമ്പുഴ മന്തക്കാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ ഒമ്പതിന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. മലമ്പുഴ എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിശിഷ്ടാതിഥിയാവും. പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എറണാകുളം പി.ഡബ്ല്യൂ.ഡി ജുഡീഷ്യല്‍ ബില്‍ഡിങ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സൈജാമോള്‍ എന്‍.ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിങ്, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, മലമ്പുഴ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
കോട്ടയിലെ സബ് ജയിലില്‍ നിന്നും ജില്ലാ ജയിലിലേക്ക്
സംസ്ഥാനത്തെ ജയിലുകളില്‍ വൈവിധ്യങ്ങളായ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി മലമ്പുഴയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ജയിലാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കീഴില്‍ ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സബ് ജയില്‍ കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും വീര്‍പ്പുമുട്ടുകയാണ്. ഈ അവസ്ഥയില്‍ നിന്നുള്ള മോചനമാണ് മലമ്പുഴയിലെ ജില്ലാ ജയില്‍ തുറക്കുന്നതോടെ സാധ്യമാക്കുന്നത്. 16.92 കോടി ചെലവഴിച്ച് ജയില്‍വകുപ്പ് നിര്‍മിച്ച ജയില്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. 19 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള 24 സെല്ലുകളാണ് ഇവിടെയുള്ളത്. ജയില്‍ നവീകരണത്തിനായി കേന്ദ്ര ധനകാര്യ കമ്മീഷന്‍ ജയില്‍ വകുപ്പിന് അനുവദിച്ച 154 കോടിയില്‍നിന്നും 11.52 കോടിയാണ് കെട്ടിടനിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ഏഴടി ഉയരത്തില്‍ മതില്‍ക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തടവുകാര്‍ക്ക് കുളിക്കാന്‍ 32 ലക്ഷം ചെലവില്‍ തുറന്ന കിണറും നിര്‍മിച്ചിട്ടുണ്ട്.

നിര്‍മാണം പൂര്‍ത്തിയായ ജില്ലാ ജയില്‍

ജയിലിന് പുറത്ത് അഞ്ചു മീറ്റര്‍ വീതിയില്‍ പൊതുജനങ്ങള്‍ക്കായി റോഡും പൂര്‍ത്തിയാക്കി. സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മന്തക്കാട് മുതല്‍ ജയില്‍ വരെയുള്ള ഭാഗം ടാറിട്ട് ഗതാഗതയോഗ്യമാക്കിയിരുന്നു. 24 സെല്ലുകള്‍, സ്റ്റാഫ് റെസ്റ്റ് റൂം, വിസിറ്റേഴ്സ് റൂം, വിശാലമായ ഡൈനിങ് ഹാള്‍, ഓരോ സെല്ലിലും വാഷ്ബേസിന്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. 275 പുരുഷന്മാര്‍ക്കും 50 വനിത തടവുകാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ജലസേചന വകുപ്പിന്റെ 10 ഏക്കര്‍ ഭൂമിയാണ് ജില്ലാ ജയില്‍ നിര്‍മാണത്തിന് ജയില്‍ വകുപ്പിന് കൈമാറിയത്. ഇതില്‍ എട്ടേക്കര്‍ ജയിലിനും രണ്ടേക്കര്‍ സ്റ്റാഫ് കോട്ടേഴ്സിനുമായി വിനിയോഗിച്ചു. നിര്‍മാണ ചുമതല ഏറ്റെടുത്ത പൊതുമരാമത്ത് കെട്ടിട വിഭാഗം ടൈല്‍സ് വിരിക്കല്‍, പെയിന്റിങ് അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാണ് ജയില്‍ കൈമാറിയിരിക്കുന്നത്.
മലമ്പുഴ ജില്ലാ ജയില്‍ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജയില്‍
എല്ലാ ജില്ലാ ജയിലുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഒരു സെല്‍ വേണമെന്നിരിക്കെ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജയില്ലെന്ന പേരും മലമ്പുഴയിലെ ജില്ലാ ജയിലിന് ലഭിക്കും. മൂന്ന് തടവുകാര്‍ക്കുള്ള സെല്ലാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡല്‍ വിഭാഗത്തിനായി തൊഴില്‍ പരിഗണനയും മറ്റു പ്ദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നതിനോടൊപ്പമാണ് ഇവര്‍ക്കായി ജില്ലാ ജയിലില്‍ പ്രത്യേക സെല്ലും സജ്ജമാക്കിയിരിക്കുന്നത്.