ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം ജൂലൈ ഒമ്പത്, 10, 11 തിയ്യതികളിലായി പാലക്കാട് ജില്ല സന്ദര്‍ശിക്കും. കേന്ദ്ര നോഡല്‍ ഓഫീസര്‍ ടീം ലീഡറായ സംഘത്തില്‍ സംസ്ഥാന തലത്തിലുള്ള നോഡല്‍ ഓഫീസറും ഉള്‍പ്പെട്ടിരിക്കും. കേന്ദ്രതലത്തിലുള്ള സര്‍ക്കാറിന്റെ ജലശക്തി അഭിയാന്‍ പദ്ധതിയിലുള്‍പ്പെട്ട മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലാണ് സംഘം പ്രധാനമായും സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് വാട്ടര്‍ കണ്‍സര്‍വേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കും.
രാജ്യത്തെ 254 ജില്ലകളിലെ 1593 ബ്ലോക്ക് പഞ്ചായത്തുകളിലായി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ സെപ്തംബര്‍ 15 വരെയുള്ള ആദ്യഘട്ട പദ്ധതിയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കാലയളവില്‍ മൂന്നു തവണകളായി കേന്ദ്രസംഘം ജില്ല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കുകയും ചെയ്യും. ഭൂഗര്‍ഭ ജലം സംബന്ധിച്ച് കേന്ദ്രസംഘം മുമ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്നും കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളെ ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂഗര്‍ഭജലം താരതമ്യേന കുറവായ ചിറ്റൂര്‍, മലമ്പുഴ ഭാഗങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുവീശുന്ന ചൂടുകാറ്റും ജലത്തിന്റെ പെട്ടെന്നുള്ള വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും 2025 ഓടെ ഈ പ്രദേശങ്ങള്‍ ഭയാനകമായ അവസ്ഥയിലെത്തുമെന്നും മുന്‍പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ജലസംരക്ഷണം, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴല്‍ക്കിണര്‍ റീചാര്‍ജ്ജിംഗ്, വാട്ടര്‍ഷെഡ് ഡവലപ്‌മെന്റ്, വനവത്ക്കരണം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുക.