പാലക്കാട്  ജില്ലയില്‍ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ പാലക്കാട് താലൂക്ക് പരിധിയിലെ സ്‌കൂള്‍, കോളെജ് കാന്റീനുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ശുചിത്വ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു.

മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നു വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) കത്തു നല്‍കും. കൃഷിഭവന്‍ വഴി പി.എം.കെ.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട കര്‍ഷകര്‍ക്കായി കുഴല്‍ക്കിണര്‍ നിര്‍മിച്ച് ജലസേചനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന് കത്തു നല്‍കും.

കൂടാതെ സുല്‍ത്താന്‍പേട്ട മാധവിയമ്മ ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള പൊതുകിണര്‍ ഉപയോഗമാക്കുന്നത് സംബന്ധിച്ച് പാലക്കാട് നഗരസഭയുമായി ബന്ധപ്പെടാനും യോഗം തീരുമാനിച്ചു. പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ ഇ.എന്‍.രാജു, തഹസില്‍ദാര്‍(ഭൂരേഖ) ആര്‍.പത്മിനി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വകുപ്പു മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.