‘വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായാണ് ‘വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക്’ എന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. കേരളത്തിന് വയോജനക്ഷേമ രംഗത്ത് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞു. വയോജനങ്ങളുടെ ആനുപാതികമായ വര്‍ദ്ധനവിനനുസൃതമായി അവരെ പുനരധിവസിപ്പിക്കാനും അവരുടെ സാമൂഹ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും ഒട്ടേറെ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അതില്‍ ഏറ്റവും മുഖ്യപങ്കു വഹിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രമെന്നും മന്ത്രി വ്യക്തമാക്കി. പകല്‍വീട് ഉദ്ഘാടനവും ‘വയോമിത്രം പദ്ധതി ഇനി ഗ്രാമങ്ങളിലേക്ക്’ ജില്ലാതല ഉദ്ഘാടനവും പാറശാല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2010ല്‍ ആരംഭിച്ച വയോമിത്രം പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 93 നഗരങ്ങളില്‍ നടപ്പിലാക്കാന്‍ സാധിച്ചു. പതിനായിരക്കണക്കിന് വയോജനങ്ങളുടെ പുനരധിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പ്രതിദിനം 15,000ത്തോളം വയോജനങ്ങള്‍ക്ക് ആരോഗ്യക്ഷേമ സേവനം എത്തിച്ചു നല്‍കാനും, പ്രതിമാസം രണ്ടരലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു വരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വയോമിത്രം പദ്ധതിയുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വയോജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേമസേവനമാണ് ആരോഗ്യ സംരക്ഷണം. വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെയും അവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിലൂടെയും വയോജനക്ഷേമ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ വയോമിത്രം പദ്ധതിയിലൂടെ കഴിയുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ വയോമിത്രം പദ്ധതി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വ്യാപകമാക്കാനും വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ എത്തിക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം 14 ജില്ലകളിലും ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ പൈലറ്റായും ഈ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ സ്വാഗതമാശംസിച്ചു. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. എം.എല്‍.എ.മാരായ കെ. ആന്‍സലന്‍, എം. വിന്‍സന്റ് എന്നിവര്‍ മുഖ്യാതിഥികളായി.