പെരുമ്പാവൂർ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ സഭയുടെയും ആഭിമുഖ്യത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ കർഷക സഭ എൽദോസ് പി കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം ഏറ്റവും താഴെത്തട്ടിൽ എത്തിക്കുക, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക, കാർഷിക രംഗത്തെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കാർഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് കർഷക സഭ നടത്തിയത്.
കർഷകഗ്രാമസഭകളിൽ ഉയർന്ന് വന്ന കർഷക നിർദേശങ്ങൾ കൃഷി ഓഫീസർമാർ അവതരിപ്പിച്ചു. ആത്മ എറണാകുളം ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ രമേശ് പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. പ്രകാശ്, പ്രീത സുകു , കെ.സി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന കർഷക സഭ എൽദോസ് പി കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.