പാലക്കാട്: പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും വരവേല്‍ക്കാന്‍ കല്ലടിക്കോടന്‍ മലനിരകളുടെ മടിത്തട്ടായ കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും ഒരുങ്ങികഴിഞ്ഞു. സഞ്ചാരികള്‍ക്കായി ബോട്ടിംഗ് ഉള്‍പ്പെടെ നിരവധി വിനോദങ്ങള്‍ ഇവിടെയുണ്ട്. എട്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉദ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പെടല്‍ ബോട്ട് ഉള്‍പ്പെടെയുള്ള സ്വിമ്മിങ് പൂള്‍, സൈക്ലിംഗ്, റൈഡ്, എന്നീ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ മ്യൂസിക്കല്‍ ഫൗണ്ടനും ഉദ്യാനം അലങ്കരിക്കുന്നതിന് പ്രത്യേക ലൈറ്റുകളും നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കി.

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കിയത്.
കോങ്ങാട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു ബോട്ടും ടൂറിസം വകുപ്പിന്റെ അഞ്ച് ബോട്ടുകളുമാണ് ഉള്ളത്. സഞ്ചാരികള്‍ക്ക് മഴനനയാതിരിക്കാന്‍ ഏഴ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഉദ്യാനത്തില്‍  അപകട മുന്നറിയിപ്പു നല്‍കുന്നതിനായി പബ്ലിക് അഡ്രസിങ്ങ് സിസ്റ്റം, സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍, അമ്മമാര്‍ക്ക് പാലൂട്ടുന്നതിന് പ്രത്യേക മുറി എന്നിവ ഇവിടെയുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിരവധി ഇരിപ്പിടങ്ങളും കളിയുപകരണങ്ങളും  സജ്ജീകരിച്ചിരിക്കുന്നതോടൊപ്പം  ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്ന ഒരിടമെന്നോണം നവീകരണം പ്രദേശത്തെ മാറ്റിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് സന്ദര്‍ശന ഫീസ്.

ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഡിജിറ്റലാകുന്നു

കാഞ്ഞിരപ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും നവീകരണ ഉദ്ഘാടനത്തോടൊപ്പം തന്നെ ജില്ലയിലെ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാം, വാടിക, വെള്ളിയാങ്കല്ല് ടൂറിസം കേന്ദ്രങ്ങള്‍ ഡിജിറ്റലായി പ്രഖ്യാപിക്കുന്നു. ആദ്യഘട്ടത്തില്‍ കറന്‍സിരഹിതമാക്കുന്നതിന്റെ ഭാഗമായി ഇ-പോസ് മെഷീനില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആദ്യം നടപ്പാക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിലെ നവീകരിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഞ്ചാരകേന്ദ്രങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.