ദുരിതബാധിത പ്രദേശങ്ങള്‍ എ.ഡി.എം സന്ദര്‍ശിച്ചു

കനത്ത മഴയെതുടര്‍ന്ന് ബദിയടുക്ക-പെര്‍ള റോഡിന് സമീപമുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഈ പാതയിലുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി എ.ഡി.എം:എന്‍.ദേവിദാസ് അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ ഏതു നിമിഷവും കുന്നിടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മേഖലയില്‍ സന്ദര്‍ശനം നടത്തിയ എ.ഡി.എം വ്യക്തമാക്കി.

കനത്ത മഴമൂലം ദുരിതത്തിലായ വിവിധ പ്രദേശങ്ങള്‍ എ.ഡി.എം:എന്‍ ദേവിദാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വിദ്യാനഗര്‍ എരുതുംകടവ് പുതുമണ്ണില്‍ മധുവാഹിനിപ്പുഴ കവിഞ്ഞൊഴുകയതിനെ തുടര്‍ന്ന് മൂന്നു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

പുഴയുടെ സമീപത്തു തന്നെ സ്ഥിതിചെയ്യുന്ന വീടുകളുടെ അടുക്കള ഭാഗത്തു നിന്നും മണ്ണിടിച്ചലുണ്ടായാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. മൂന്നു കുടുംബങ്ങള്‍ക്ക് താമസമൊരുക്കുന്നതിനായി താല്‍ക്കാലികമായി സമീപത്തുള്ള എന്‍.എ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ മുഹമ്മദ് നവാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ ലോകേഷ്, വില്ലേജ് അസിസ്റ്റന്റ് സാദിഖ് അലി തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.