സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ നൈപുണ്യ വികസനമാണ് ലക്ഷ്യമെന്ന്്  പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.  വടക്കഞ്ചേരി ഷാ ടവറില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പിന്നാക്കം നില്‍കുന്ന ഇതര വിഭാഗങ്ങളുടെ  വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും ഇവര്‍ ആര്‍ജ്ജിച്ച വിദ്യാഭ്യാസത്തിനുതകുന്ന തൊഴില്‍ അഭാവം മനസിലാക്കി ഇത്തരം സ്ഥാപനങ്ങളിലൂടെ സുസ്ഥിര വികസനത്തിനായി തൊഴില്‍ മേഖലയില്‍ മികച്ച അവസരങ്ങള്‍ ഒരുക്കും.  പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് പരിഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാവും നടപ്പാക്കുകയെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

പിന്നാക്കവിഭാഗം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് മികച്ച പരിശീലനം നല്‍കി വിദേശ രാജ്യങ്ങൡ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും.  ഇതിനായി ദൂബൈ, അബുദാബി എന്നിവടങ്ങളിലെ 72 കമ്പനികളിലെ തൊഴില്‍ ദാതാക്കളുമായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തികരിച്ച 1200 പേരെ വിദേശത്ത് ജോലിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു.  വടക്കഞ്ചേരിയില്‍ ഒന്നര ഏക്കറില്‍ 7.5 കോടി ചെലവില്‍ ഉടന്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാനിരിക്കുന്ന കമ്മ്യൂണിറ്റി കോളെജിനൊപ്പം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.