സംസ്ഥാനം നേരിട്ട പ്രളയമുള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികള്‍ മറികടന്ന് വിനോദസഞ്ചാര മേഖല സമാഹരിച്ചത് 8864 കോടി രൂപയുടെ വിദേശനാണ്യമെന്ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം-പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ വടക്കഞ്ചേരി ഷാ ടവറില്‍ ആരംഭിച്ച ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസ്റ്റുകളുടെ വരവില്‍ 2017 നേക്കാള്‍ ആറ് ശതമാനം വര്‍ദ്ധനവുണ്ടായെന്നും 11 ലക്ഷം വിദേശ സഞ്ചാരികള്‍ സംസ്ഥാനത്തെതിയെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 36 കോടി വകുപ്പ് സമാഹരിച്ചതായും ടൂറിസം മേഖല കുതിപ്പിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. 1967 ല്‍ സംസ്ഥാനത്ത് തുടക്കം കുറിച്ച് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 51 വര്‍ഷം പിന്നിടുമ്പോള്‍ ടൂറിസം രംഗത്ത് വിവിധ രാജ്യങ്ങളിലായി 1500 ഓളം യുവതി-യുവാക്കളെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കാന്‍ സാധിച്ചു.

വിവിധ മേഖലകളില്‍ 55 വര്‍ഷമായി നടക്കാതിരുന്ന വികസനങ്ങളാണ് ഈ മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. ആര്‍ദ്രം പദ്ധതിയില്‍ 1000 ത്തോളം തസ്തികകള്‍ ഉള്‍പ്പെടുത്തുകയും പൊതുവിദ്യാലയങ്ങളില്‍ 45000 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് ആയി ഉയര്‍ത്തുവാന്‍ കഴിഞ്ഞു.

സംസ്ഥാനത്തെ 13ാം മത് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാണ് ജില്ലയില്‍ ആരംഭിച്ചത് . ഒരു വര്‍ഷം ദൈര്‍ഘ്യമുള ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകളില്‍ ഒമ്പത് മാസം ഇന്‍സ്റ്റിറ്റ്യൂട്ട് തല പരിശീലനവും മൂന്ന് മാസത്തെ നിര്‍ബന്ധിത വ്യാവസായിക പരിശീലനവും നല്‍കുന്നു.  സ്ഥാപനത്തിലേക്കുള്ള പ്രവേശനത്തിന്  60 ശതമാനം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 15 ശതമാനം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും 25 ശതമാനം പൊതു വിഭാഗത്തിനും സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്‍ നിലവില്‍ 71 പേര്‍ക്കാണ് അവസരം. ഫുഡ് ആന്റ് ബിവറേജസ് സര്‍വ്വീസ്, ഫുഡ് ക്രാഫ്റ്റിങ് കോഴ്‌സിലേക്കാണ് പ്രവേശനം.