സഹകരണ വകുപ്പ്  നടപ്പിലാക്കുന്ന ‘മുറ്റത്തെ മുല്ല’ പദ്ധതിയെ  മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊള്ളപ്പലിശക്കാരെ സമൂഹത്തിൽ നിന്ന് ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ വൻവിജയമായ ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജഗതി ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷത്തെ ഫലം പരിശോധിക്കുമ്പോൾ പദ്ധതി പാലക്കാട്ടെ ഗ്രാമീണ ജനതയ്ക്കിടയിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ‘മുറ്റത്തൊരു ബാങ്ക്’ എന്ന ആശയം പ്രാവർത്തികമാക്കാനായി. സഹകരണ സംഘങ്ങളെ ജനങ്ങളുമായും ജനങ്ങളുടെ പ്രശ്നങ്ങളുമായും കൂടുതൽ അടുപ്പിക്കാനും സാധിച്ചിട്ടുണ്ട്.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക്  അധികവരുമാനം ഉണ്ടാക്കാനും സാധിക്കും.
ശരിയായ കണക്കെടുക്കാൻ കഴിയാത്തത്ര രീതിയിലാണ് കൊള്ളപ്പലിശക്കാരുടെ പ്രവർത്തനം സമൂഹത്തിൽ വേരൂന്നിയിട്ടുള്ളത്.  സഹകരണ സംഘങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ,ഗുണഭോക്താക്കൾ  ഇത്തരമൊരു ശൃംഖലയെ ഈ വിപത്തിനെതിരെ വികസിപ്പിക്കാൻ കഴിഞ്ഞാൽ അത് കേരളീയ പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ അത്ഭുതാവഹമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരമൊരു ശൃംഖല സമ്പൂർണമായും നടപ്പാക്കാൻ കഴിഞ്ഞ പാലക്കാട് ജില്ലയിലെ മങ്കര പഞ്ചായത്തിനെ ആഗസ്റ്റ് രണ്ടിന് കൊള്ളപ്പലിശരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.