സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) തയ്യാറാക്കിയ ഭിന്നശേഷി: ഒരു അവലോകനം എന്ന പുസ്തകം ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു.

2016ലെ ആർ. പി. ഡബ്‌ള്യു. ഡി ആക്ട് അനുസരിച്ചാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കുള്ള പരിഗണനകളും അവകാശങ്ങളും വ്യക്തമായി പുസ്തകം പ്രതിപാദിക്കുന്നു. ആരോഗ്യ, പാരമെഡിക്കൽ, ഭിന്നശേഷി മേഖലകളിലെ 43 പ്രമുഖർ ചേർന്നാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.

നിയമത്തിന്റെ വിവിധ വശങ്ങൾ, ജോലിസ്ഥലങ്ങളിൽ നടപ്പാക്കേണ്ട ഭിന്നശേഷി അവബോധ പ്രവർത്തനങ്ങൾ, ഭിന്നശേഷിയെക്കുറിച്ചുള്ള മന:ശാസ്ത്രപരമായ കാഴ്ചപ്പാട്, സമഗ്രമായ സമീപനം എന്നിവ വിശദീകരിക്കുന്ന ഏഴ് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.

വിദ്യാർഥികൾ, വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, സാമൂഹികനീതി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രയോജനകരമായ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരമൊരു പുസ്തകം ഇന്ത്യയിൽ തന്നെ ആദ്യമാണ്. ശ്രവണവൈകല്യം, അന്ധത, പാർക്കിൻസൺസ്, ഓട്ടിസം തുടങ്ങിവ വിവിധ ഭിന്നശേഷികളെക്കുറിച്ച് വിശദമായി പുസ്തകത്തിൽ വിശദീകരിക്കുന്നു.

സാമൂഹികനീതി വകുപ്പ് തയാറാക്കിയ സർക്കാരിന്റെ അംഗപരിമിത അവകാശ നിയമം 2016 ചട്ടങ്ങളുടെ കരടും മന്ത്രി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് ഇതിൽ ആഗസ്റ്റ് മൂന്നു വരെ അഭിപ്രായങ്ങൾ അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ തുടർച്ചയായി ദേശീയ ശിൽപശാല ഒക്‌ടോബർ, നവംബർ മാസത്തിൽ നിഷിൽ സംഘടിപ്പിക്കാൻ ആലോചനയുണ്ട്.