വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണം – മുഖ്യമന്ത്രി പിണറായി വിജയൻ

സാമുദായിക ചേരിതിരിവ് രൂക്ഷമായി വരുന്ന ഇക്കാലത്ത് വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 49ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ചലച്ചിത്രകലാരംഗത്തുള്ളവർ എല്ലാ വേർതിരിവിനും അതീതമായി ഒരുമിച്ച് നിൽക്കണം. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന നല്ല ചലച്ചിത്രസൃഷ്ടികൾ ഇനിയും ഉണ്ടാകണം.
കഴിഞ്ഞകുറേകാലമായി ചലച്ചിത്രകലാരംഗത്ത് വർഗീയതയുടെ വിദ്വേഷം പടർത്താനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെട്ടുവരുന്നുണ്ട്. അസഹിഷ്ണുത നിറഞ്ഞ വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി ദിലീപ് കുമാർ, ശബാന ആസ്മി, ആനന്ദ് പട്‌വർധൻ, ദീപാമേത്ത, കമൽഹാസൻ പോലുള്ള കലകാകാരൻമാർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.

കലാകാരൻമാരെ നിശബ്ദരാക്കാനുള്ള അർധഫാസിസ്റ്റ് സ്വാഭാവത്തിലുള്ള പൊതുവായ നീക്കത്തിന്റെ ഭാഗമായി വേണം കഴിഞ്ഞദിവസം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുനേരെയുണ്ടായ ഭീഷണിയെക്കാണാൻ. ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. കേരളം ഇന്ത്യയ്ക്കും, ഇന്ത്യ ലോകത്തിനും നൽകിയ ചലച്ചിത്രസംഭാവനയാണ് അടൂരിന്റെ വ്യക്തിത്വം. അദ്ദേഹത്തെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികളുടെ വക്താക്കൾ തങ്ങളുടെ സംസ്്കാരരാഹിത്യമാണ് വെളിവാക്കുന്നത്.

നിർഭയമായി അഭിപ്രായം പറയുന്നവർ ഒഴിവായിക്കിട്ടിയാലേ തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകൂവെന്ന ഭീരുത്വമാണ് ഇവർ വെളിവാക്കുന്നത്. ഇത്തരക്കാരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും കേരളം കീഴടങ്ങുന്ന പ്രശ്‌നമില്ല. സർഗാത്മകതലത്തിൽ വ്യാപരിക്കുന്നവരെ കേരളജനതയും സർക്കാരും എല്ലാനിലയ്ക്കും സംരക്ഷിക്കും.
സ്വതന്ത്രവും ഭയരഹിതവുമായി കലാസംഭാവനകൾ നൽകാൻ അവർക്ക് അന്തരീക്ഷം ഉറപ്പാക്കും.

സാമൂഹ്യ പുരോഗതിക്ക് ഊർജം പകരുന്നതിൽ മലയാള സിനിമ വലിയപങ്ക് വഹിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ മണ്ണിലുറച്ച് നിന്ന് തികഞ്ഞ യാഥാർഥ്യബോധം പ്രകടിപ്പിക്കുകയും സാമൂഹ്യ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു. എന്നും നല്ല സിനിമകളുടെ ഭാഗമായിരിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു തിരശ്ശീലയിലെ മികച്ച സ്ത്രീസാന്നിധ്യമാകാൻ കഴിഞ്ഞ വ്യക്തിയാണ് ജെ.സി ദാനിയേൽ പുരസ്‌കാരം നേടിയ നടി ഷീലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാമൂല്യവും പ്രമേയപുതുമയും പുലർത്തിയവരെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  2018ലെ ജെ.സി. ദാനിയേൽ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയൻ, മികച്ച ചിത്രത്തിനുളള പുരസ്‌കാരം കാന്തൻ-ദി ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് സി, മികച്ചരണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഒരു ഞായറാഴ്ചയുടെ സംവിധായകൻ ശ്യാമപ്രസാദ് തുടങ്ങിയവർ ഏറ്റുവാങ്ങി.

മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ചലച്ചിത്രപ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ആർ.എസ്.പ്രഭു, ടി.ആർ. ഓമന, സി.എസ്. രാധാദേവി, നെയ്യാറ്റിൻകര കോമളം, വിപിൻ മോഹൻ, ശിവൻ, ശ്രീലതാ നമ്പൂതിരി, ലതാ രാജു, ബി. ത്യാഗരാജൻ, രഘുനാഥ് തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാർഡ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചു.

ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ പി. ശ്രീകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർമാൻ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അവാർഡ് വിതരണത്തെത്തുടർന്ന് ‘നവവസന്തം’ എന്ന പേരിൽ പത്തുവർഷത്തെ ചലച്ചിത്രഅവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീതപരിപാടിയും അരങ്ങേറി.