നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയ്ഞ്ച് പരിധിയില്‍ കാട്ടാന ശല്ല്യം രൂക്ഷമായ മുതലമട, പറയമ്പള്ളം, ഉപ്പുതോട് ശ്മശാനം റോഡ് എന്നിവിടങ്ങളില്‍ രാത്രിക്കാല പട്രോളിങ് ശക്തമായി നടക്കുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ് അറിയിച്ചു.

ഈ പ്രദേശങ്ങള്‍ക്ക് പുറമെ ചപ്പക്കാട്, ചെമ്മണാംപതി, വെള്ളാരംക്കടവ്, മേച്ചിറ, മൊണ്ടിപ്പതി, കള്ളിയമ്പാറ, സീതാര്‍കുണ്ട്, മാത്തൂര്‍ ഭാഗങ്ങളിലെ വനപ്രദേശത്തിന് സമീപത്തെ വിളകളില്‍ ആകൃഷ്ടരായി കാട്ടാനകള്‍ കാടിറങ്ങി വരുന്നുണ്ട്.

പ്രശ്നബാധിത പ്രദേശങ്ങളില്‍ ആനയെ തുരത്തുന്നതിന് കൊല്ലങ്കോട് റെയ്ഞ്ച് സ്റ്റാഫ് വാച്ചര്‍മാരോടൊപ്പം പ്രദേശവാസികളും പങ്കാളികളാണ്. കൂടാതെ കാട്ടാന ആക്രമണത്താല്‍ വസ്തു, കൃഷി നാശം സംഭവിച്ചവരുടെ അപേക്ഷകളില്‍ ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് നഷ്ടപരിഹാരത്തുക അനുവദിച്ച് വരുന്നതായും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.